കേരളത്തിലെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും പൊതുഗതാഗത രംഗത്ത് വലിയ ആശ്വാസമായി കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രിയദർശിനി പദ്ധതിക്ക് തുടക്കം; കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരായ സി പി ജോണും കെ എ തുളസിയും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകും വനിതാ യാത്രക്കാർക്കൊപ്പം പദ്ധതിയുടെ ആദ്യ യാത്രയിൽ പങ്കെടുത്തു. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്കായിരുന്നു ആദ്യ സർവീസ്.
കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയാണ് ഉദ്ഘാടന സർവീസ് ഓടിച്ചത്. ജയകുമാരി കണ്ടക്ടറുടെ ചുമതല വഹിച്ചു. വനിതാ ജീവനക്കാരുടെ പങ്കാളിത്തത്തോടെ നടന്ന ആദ്യ യാത്രയ്ക്ക് ചടങ്ങിൽ എത്തിയവരിൽ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചത്.
സംസ്ഥാനത്തുടനീളമുള്ള 3,125 ഓർഡിനറി വിഭാഗം ബസുകളിലാണ് പ്രിയദർശിനി പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് എൽ.എസ്., ടൗൺ ടു ടൗൺ വിഭാഗങ്ങളിലെ ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാ സൗകര്യം ലഭ്യമാകും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പൊതുഗതാഗത ചെലവിൽ ആശ്വാസം പകരുന്നതിനൊപ്പം സ്ത്രീകളുടെയും ട്രാൻസ്ജെൻഡർ സമൂഹത്തിന്റെയും സഞ്ചാര സ്വാതന്ത്ര്യവും സാമൂഹിക പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിൽ സാമൂഹിക നീതിക്കും ഉൾക്കൊള്ളലിനും പ്രാധാന്യം നൽകുന്ന സുപ്രധാന നടപടിയായാണ് പ്രിയദർശിനി പദ്ധതിയെ വിലയിരുത്തുന്നത്.