You are currently viewing വേളാങ്കണ്ണി റെയിൽവേ സ്റ്റേഷന്റെ വികസന പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചു

വേളാങ്കണ്ണി റെയിൽവേ സ്റ്റേഷന്റെ വികസന പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചു

തമിഴ്നാട്ടിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനായി റെയിൽവേ ബോർഡ് പുതിയ അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് ഭരണാനുമതി നൽകിയതായി മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. ഏകദേശം 48.96 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിൽ പുതിയ പിറ്റ് ലൈൻ, സ്റ്റാബ്ലിംഗ് ലൈൻ, സിക്ക് ലൈൻ, ഷണ്ടിംഗ് ലൈൻ തുടങ്ങിയ സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വേളാങ്കണ്ണി സ്റ്റേഷന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ പദ്ധതിയെ കാണുന്നതെന്ന് എം.പി പറഞ്ഞു. കഴിഞ്ഞ വർഷം മധുരയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിൽ വേളാങ്കണ്ണി റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന്റെ ആവശ്യകത ശക്തമായി ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വേളാങ്കണ്ണി ചർച്ച് മാനേജ്മെന്റ് കമ്മിറ്റി സമർപ്പിച്ച നിവേദനവും റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേഷൻ വികസനത്തിന് ആവശ്യമായ ഭൂമി സൗജന്യമായി നൽകാൻ ചർച്ച് മാനേജ്മെന്റ് തയ്യാറാണെന്ന വിവരവും ബന്ധപ്പെട്ട യോഗത്തിൽ അറിയിച്ചിരുന്നു.

തുടർന്ന് തമിഴ്നാട്ടിലെ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗങ്ങളുമായി ചേർന്ന് റെയിൽവേ ബോർഡിന് സംയുക്ത നിവേദനം സമർപ്പിക്കുകയും പദ്ധതിക്ക് അടിയന്തര അനുമതി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ കൂട്ടായ ഇടപെടലിന്റെ ഫലമായാണ് ഇപ്പോൾ പദ്ധതിക്ക് അംഗീകാരം ലഭിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

പുതിയ പിറ്റ് ലൈൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നിലവിൽ വരുന്നതോടെ കൂടുതൽ ട്രെയിനുകളുടെ പരിപാലനവും സർവീസുകളും വേളാങ്കണ്ണിയിൽ നിന്ന് കൂടുതൽ കാര്യക്ഷമമായി നടത്താൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. വർഷം മുഴുവൻ ലക്ഷക്കണക്കിന് തീർത്ഥാടകരും യാത്രക്കാരും ആശ്രയിക്കുന്ന വേളാങ്കണ്ണി സ്റ്റേഷന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഈ പദ്ധതി വലിയ കരുത്താകുമെന്നും എം.പി പറഞ്ഞു.

പദ്ധതിക്ക് അംഗീകാരം നൽകിയ റെയിൽവേ മന്ത്രാലയത്തിനും റെയിൽവേ ബോർഡിനും ദക്ഷിണ റെയിൽവേ അധികൃതർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Leave a Reply