കണ്ണൂർ: ജില്ലയിലെ ചെറുപുഴയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. ചെറുപുഴ സ്വദേശിനിയായ അഞ്ജു മാത്യു (31) ആണ് മരിച്ചത്. കാപ്പിമല മഞ്ഞപ്പുല്ല് പ്രദേശത്ത് വെച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്.
പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയായിരുന്ന അഞ്ജു മാത്യുവിനെ ഇടിമിന്നലേറ്റതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഭർത്താവ് സോനു സെബാസ്റ്റ്യനും ഫോറസ്റ്റ് വാച്ചറായ സനീഷും പരിക്കേറ്റു.
ഗുരുതരമല്ലാത്ത പരിക്കുകളാണ് ഇരുവർക്കും ഉണ്ടായിരിക്കുന്നത്. ഇവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.
മഴയും ഇടിമിന്നലും ശക്തമായ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നതും മരങ്ങളുടെ ചുവട്ടിൽ അഭയം തേടുന്നതും ഒഴിവാക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.