You are currently viewing കുട്ടനാടിനെ മെഡിക്കൽ വാല്യൂ ടൂറിസം ഹബ്ബാക്കാനുള്ള നിർദേശത്തിന് കേന്ദ്രത്തിന്റെ അനുകൂല പ്രതികരണം: കൊടിക്കുന്നിൽ സുരേഷ് എംപി

കുട്ടനാടിനെ മെഡിക്കൽ വാല്യൂ ടൂറിസം ഹബ്ബാക്കാനുള്ള നിർദേശത്തിന് കേന്ദ്രത്തിന്റെ അനുകൂല പ്രതികരണം: കൊടിക്കുന്നിൽ സുരേഷ് എംപി

2026-27 കേന്ദ്ര ബജറ്റിൽ രാജ്യത്ത് അഞ്ച് പ്രാദേശിക മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, കുട്ടനാടിന്റെ പ്രത്യേകതകളും സാധ്യതകളും ചൂണ്ടിക്കാട്ടി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലിന് ഞാൻ സമർപ്പിച്ച നിർദ്ദേശങ്ങൾ ഗൗരവമായി പരിഗണിച്ചിട്ടുണ്ടെന്നും, പദ്ധതിയുടെ രൂപരേഖയും അനുയോജ്യമായ സ്ഥലങ്ങളുടെ തിരഞ്ഞെടുപ്പും നടത്തുമ്പോൾ അവ പരിഗണിക്കുമെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനും അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിനുമുള്ള ചുമതല കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള Department for Promotion of Industry and Internal Trade (DPIIT) നാണ് നൽകിയിരിക്കുന്നത്.

ലോകപ്രശസ്തമായ കുട്ടനാടിന്റെ തണ്ണീർത്തട സൗന്ദര്യം, വളർന്നുവരുന്ന ആരോഗ്യ മേഖല, മികച്ച ടൂറിസം സാധ്യതകൾ, ഗതാഗത സൗകര്യങ്ങൾ, വെൽനസ് ടൂറിസവുമായി സംയോജിപ്പിക്കാവുന്ന പ്രത്യേകതകൾ എന്നിവ ഈ മേഖലയെ മെഡിക്കൽ വാല്യൂ ടൂറിസം ഹബ്ബിന് ഏറ്റവും അനുയോജ്യമായ പ്രദേശമാക്കുന്നു.

കുട്ടനാടിന്റെ പ്രത്യേകതകൾ ഈ പദ്ധതിക്ക് ഏറെ അനുയോജ്യമാണ്. ലോകപ്രശസ്തമായ ബാക്ക്‌വാട്ടർ ടൂറിസം, അന്താരാഷ്ട്ര നിലവാരത്തിലേക്ക് വളർന്നുവരുന്ന സ്വകാര്യ-പൊതു ആരോഗ്യ സ്ഥാപനങ്ങൾ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോടും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തോടുമുള്ള മികച്ച ബന്ധം, ദേശീയ ജലപാതയും റോഡ് ശൃംഖലയും, ആയുർവേദം, വെൽനസ്, റീഹാബിലിറ്റേഷൻ സേവനങ്ങൾ എന്നിവ സംയോജിപ്പിക്കാനുള്ള സാധ്യതകൾ എന്നിവ കുട്ടനാടിന് വലിയ മുൻതൂക്കം നൽകുന്നു.

മെഡിക്കൽ വാല്യൂ ടൂറിസം എന്നത് ചികിത്സ മാത്രമല്ല; ചികിത്സ, പുനരധിവാസം, വെൽനസ്, ആയുർവേദം, ഹോസ്പിറ്റാലിറ്റി, ടൂറിസം, ആരോഗ്യസാങ്കേതികവിദ്യ എന്നിവയെ ഏകോപിപ്പിക്കുന്ന സമഗ്ര വികസന മാതൃകയാണ്. ഒരു മെഡിക്കൽ ഹബ് യാഥാർത്ഥ്യമായാൽ ആശുപത്രികൾ, ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ, മെഡിക്കൽ കോളേജുകൾ, നഴ്‌സിംഗ് പരിശീലന കേന്ദ്രങ്ങൾ, ഹോട്ടലുകൾ, റീഹാബിലിറ്റേഷൻ സെന്ററുകൾ, വെൽനസ് റിസോർട്ടുകൾ, മെഡിക്കൽ ട്രാവൽ സേവനങ്ങൾ എന്നിവയുടെ വളർച്ചയ്ക്ക് വഴിയൊരുങ്ങും.ഇതിലൂടെ ആയിരക്കണക്കിന് നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ആരോഗ്യ മേഖലയിലേക്കും ടൂറിസം മേഖലയിലേക്കും വൻ നിക്ഷേപങ്ങൾ എത്തിച്ചേരും. യുവജനങ്ങൾക്ക് പുതിയ തൊഴിൽ സാധ്യതകൾ ലഭിക്കും. പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ ഉണർവ് ലഭിക്കുകയും കുട്ടനാടിന്റെ സമഗ്ര വികസനത്തിന് പുതിയ അധ്യായം തുറക്കുകയും ചെയ്യും. പദ്ധതി യാഥാർത്ഥ്യമായാൽ ആരോഗ്യ മേഖലയിലും അനുബന്ധ മേഖലകളിലും വൻ നിക്ഷേപങ്ങൾ ആകർഷിക്കാനും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, ടൂറിസം അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും, കുട്ടനാടിന്റെ സമഗ്ര വികസനത്തിന് പുതിയ വഴികൾ തുറക്കാനും സാധിക്കും.

എന്റെ നിർദ്ദേശത്തിന് അനുകൂലമായ പരിഗണന നൽകിയ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലിന് നന്ദി അറിയിക്കുന്നു. കുട്ടനാടിനെ രാജ്യത്തെ പ്രമുഖ മെഡിക്കൽ വാല്യൂ ടൂറിസം കേന്ദ്രമായി ഉയർത്തുന്നതിനും ദേശീയ ആരോഗ്യ-ടൂറിസം ഭൂപടത്തിൽ അർഹിക്കുന്ന സ്ഥാനം നേടിക്കൊടുക്കുന്നതിനുമായി എന്റെ പരിശ്രമങ്ങൾ തുടരും.

Leave a Reply