മാവേലിക്കര: നൂറനാട് ഐടിബിപി ക്യാമ്പിൽ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾക്ക് നിർണായക പുരോഗതിയെന്ന് മാവേലിക്കര എം.പി. കൊടുക്കുന്നിൽ സുരേഷ് അറിയിച്ചു. ഒരു നാടിന്റെ ദീർഘകാല കാത്തിരിപ്പിന് വിരാമമാകുന്ന തീരുമാനമാണ് ഉന്നതതല യോഗത്തിൽ ഉണ്ടായതെന്ന് അദ്ദേഹം സാമൂഹ്യമാധ്യമ പോസ്റ്റിൽ വ്യക്തമാക്കി.
എംപിയുടെ ആവശ്യപ്രകാരം ആരോഗ്യമന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ, കേന്ദ്രീയ വിദ്യാലയത്തിനായി ആവശ്യമായ 1.71 ഏക്കർ അധിക ഭൂമി അനുവദിക്കാൻ തീരുമാനമായി. ഭൂമി അടിയന്തരമായി അളന്ന് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകിയതായും എംപി അറിയിച്ചു.
ഐടിബിപി സ്പോൺസർ ചെയ്യുന്ന കേന്ദ്രീയ വിദ്യാലയത്തിൽ 50 ശതമാനം സീറ്റുകൾ പ്രദേശവാസികളുടെ കുട്ടികൾക്കായി സംവരണം ചെയ്യണമെന്ന നിർദ്ദേശവും ഐടിബിപി അധികൃതർ അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു. ഇതോടെ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള കേന്ദ്ര വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ വലിയ മുന്നേറ്റമാകുമെന്നാണ് പ്രതീക്ഷ.