You are currently viewing ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ 73-ാമത് ഓർമ്മപ്പെരുനാൾ സമാപിച്ചു

ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ 73-ാമത് ഓർമ്മപ്പെരുനാൾ സമാപിച്ചു

തിരുവനന്തപുരം: ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ 73-ാമത് ഓർമ്മപ്പെരുനാളിന് പട്ടം സെന്റ് മേരീസ് മേജർ ആർക്കിഎപ്പാർക്കിയൽ കത്തീഡ്രലിൽ നടന്ന ഭക്തിനിർഭരമായ സമാപന തിരുക്കർമ്മങ്ങളോടെ വിരാമമായി. പതിനഞ്ച് ദിവസമായി നീണ്ടുനിന്ന ഓർമ്മപ്പെരുനാൾ ചടങ്ങുകളിൽ രാജ്യത്തിനകത്തും വിദേശത്തുനിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

സമാപന സമൂഹബലിക്ക് മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. ധന്യൻ മാർ ഈവാനിയോസ് പിതാവ് ഉപയോഗിച്ചിരുന്ന ചരിത്രപ്രസിദ്ധമായ അംശവടിയും സ്ലീബായും കാതോലിക്കാ ബാവാ തിരുക്കർമ്മങ്ങളിൽ ഉപയോഗിച്ചത് ചടങ്ങിന് പ്രത്യേക ആത്മീയ പ്രാധാന്യം നൽകി.

ചടങ്ങിൽ മുഖ്യതിഥിയായിരുന്ന സി.ബി.സി.ഐ. പ്രസിഡന്റും ഹൈദരാബാദ് ആർച്ച്ബിഷപ്പുമായ കർദിനാൾ ആന്റണി പൂള സമൂഹബലിമധ്യേ വചനസന്ദേശം നൽകി. മാർ ഈവാനിയോസ് പിതാവ് തലമുറകൾക്ക് പ്രചോദനമായ മഹാനായ ഇടയനും ഐക്യത്തിന്റെയും സത്യാന്വേഷണത്തിന്റെയും ഉത്തമ മാതൃകയുമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. കത്തീഡ്രൽ കവാടത്തിൽ സഭയുടെ ഔദ്യോഗിക സ്വീകരണവും ഒരുക്കിയിരുന്നു.

തിരുവല്ല അതിഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ കൂറിലോസ്, കസാഖിസ്ഥാനിലെ വത്തിക്കാൻ സ്ഥാനപതി ജോർജ്ജ് പനംതുണ്ടിൽ ആർച്ച്ബിഷപ്പ് എന്നിവരടക്കം സഭയിലെ വിവിധ അഭിവന്ദ്യ പിതാക്കളും മുന്നൂറിലേറെ വൈദികരും വിശുദ്ധ ബലിയിൽ സഹകാർമ്മികരായി പങ്കെടുത്തു.

ഓർമ്മപ്പെരുനാളിനോടനുബന്ധിച്ച് റവ. ഡോ. സിറിൾ ആനന്ദ് ഒ.ഐ.സി., റവ. ഡോ. പ്രമോദ് ഒ.ഐ.സി. എന്നിവർ രചിച്ച പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമായി, പ്രത്യേകിച്ച് വിവിധ പദയാത്രകളിലൂടെ എത്തിയ പതിനായിരക്കണക്കിന് വിശ്വാസികൾ ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ പുണ്യകബറിടത്തിൽ പ്രാർത്ഥനകൾ അർപ്പിച്ചു. ഇതോടെ കഴിഞ്ഞ 15 ദിവസമായി നടന്നുവന്ന 73-ാമത് ഓർമ്മപ്പെരുനാൾ ചടങ്ങുകൾക്ക് സമാപനമായി. സഭാംഗങ്ങൾ പുണ്യപിതാവിന്റെ മാധ്യസ്ഥ്യം എല്ലാവർക്കും അനുഗ്രഹവും കരുത്തുമായിരിക്കട്ടെയെന്ന് പ്രാർത്ഥിച്ചു.

Leave a Reply