കോതമംഗലം: യാത്രയ്ക്കിടെ സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ കോതമംഗലം സെന്റ് വിൻസെന്റ് പ്രൊവിൻസ് അംഗം സിസ്റ്റർ ഹെയ്‌സ്‌ലെറ്റ് എസ്.ഡി. (56) അന്തരിച്ചു. രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.
ഇന്നലെയാണ് അപകടമുണ്ടായത്. കോഴിപ്പിള്ളിയിലെ കോൺവെന്റിൽനിന്ന് മൂവാറ്റുപുഴയിലെ ‘നെസ്റ്റി’യിൽ ക്ലാസെടുക്കാൻ പോയ ശേഷം വാഴക്കുളത്തുനിന്ന് കോതമംഗലത്തേക്കുള്ള സ്വകാര്യ ബസിൽ മടങ്ങിവരുന്നതിനിടെയായിരുന്നു സംഭവം. ബസിൽ വലിയ തിരക്കായതിനാൽ ഡോറിനോട് ചേർന്നുനിന്നാണ് സിസ്റ്റർ യാത്ര ചെയ്തിരുന്നതെന്ന് വിവരം.
യാത്രയ്ക്കിടെ ബസ് ഒരു വളവ് തിരിഞ്ഞപ്പോൾ സിസ്റ്റർ നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിസ്റ്ററെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.
ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂളിലെ അധ്യാപികയായിരുന്ന സിസ്റ്റർ ഹെയ്‌സ്‌ലെറ്റ് ഇക്കഴിഞ്ഞ മാർച്ചിലാണ് സർവീസിൽനിന്ന് വിരമിച്ചത്. അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകരെയും വിദ്യാർഥികളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.