You are currently viewing തൃക്കാക്കരയിലെ വൈദ്യുതി വികസന ആവശ്യങ്ങൾ അവലോകന യോഗത്തിൽ ഉന്നയിച്ച് ഉമ തോമസ്

തൃക്കാക്കരയിലെ വൈദ്യുതി വികസന ആവശ്യങ്ങൾ അവലോകന യോഗത്തിൽ ഉന്നയിച്ച് ഉമ തോമസ്

എറണാകുളം: വൈദ്യുതി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ എറണാകുളം കലൂരിൽ ചേർന്ന കെ.എസ്.ഇ.ബി. അവലോകന യോഗത്തിൽ തൃക്കാക്കര നിയോജകമണ്ഡലത്തിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങൾ അവതരിപ്പിച്ചതായി തൃക്കാക്കര എം.എൽ.എ ഉമ തോമസ് അറിയിച്ചു. സുപ്രധാനമായ ഈ അവലോകന യോഗം സംഘടിപ്പിച്ച വൈദ്യുതി വകുപ്പ് മന്ത്രിയോട് എം.എൽ.എ നന്ദി രേഖപ്പെടുത്തി.

തൃക്കാക്കരയിലെ നിലവിലുള്ള വൈദ്യുതി മേഖലയിലെ പ്രധാന പ്രശ്നങ്ങളും ഭാവി ആവശ്യങ്ങളും യോഗത്തിൽ വിശദമായി അവതരിപ്പിച്ചതായി ഉമ തോമസ് പറഞ്ഞു. കെ.എസ്.ഇ.ബി. ജീവനക്കാർ പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകാൻ ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ടെന്നും അവരുടെ സേവനത്തെ അഭിനന്ദിക്കുന്നതായും അവർ വ്യക്തമാക്കി. എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പല ഓഫീസുകളുടെയും പ്രവർത്തനം കാര്യക്ഷമമല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും, അടിയന്തരമായി അധിക തസ്തികകൾ സൃഷ്ടിച്ച് ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇൻഫോപാർക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഗണിച്ച് ഏകദേശം 44,000 വൈദ്യുതി കണക്ഷനുകൾക്ക് സേവനം നൽകുന്ന കാക്കനാട് സബ്‌സ്റ്റേഷൻ വിഭജിച്ച് രണ്ട് സബ്‌സ്റ്റേഷനുകളാക്കണമെന്നും, തൃക്കാക്കര 66 കെ.വി. സബ്‌സ്റ്റേഷനെ 110 കെ.വി. സബ്‌സ്റ്റേഷനായി ഉയർത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

വെണ്ണല, പാട്ടുപുരയ്ക്കൽ എന്നിവിടങ്ങളിൽ പുതിയ സബ്‌സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും, പഴകിയതും അമിതഭാരത്തിൽ പ്രവർത്തിക്കുന്നതുമായ ട്രാൻസ്ഫോർമറുകൾ മാറ്റി കൂടുതൽ ശേഷിയുള്ള പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും അവർ നിർദേശിച്ചു.

വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും ആധുനികവത്കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ എം.എൽ.എ, നിലവിലുള്ള ബെയർ കണ്ടക്ടറുകൾക്ക് പകരം എൽ.ടി. എ.ബി.സി., എച്ച്.ടി. എ.ബി.സി. ഇൻസുലേറ്റഡ് കണ്ടക്ടറുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിലൂടെ വൈദ്യുതി വിതരണത്തിന്റെ വിശ്വാസ്യത വർധിപ്പിക്കാനും, വൈദ്യുതി തടസ്സങ്ങളും സാങ്കേതിക നഷ്ടങ്ങളും കുറയ്ക്കാനും, പൊതുസുരക്ഷ ഉറപ്പാക്കാനും, തൃക്കാക്കരയിൽ തടസ്സരഹിതവും കാര്യക്ഷമവുമായ വൈദ്യുതി വിതരണം ഉറപ്പാക്കാനും കഴിയുമെന്ന് അവർ പറഞ്ഞു.

കെ.എസ്.ഇ.ബി., എൻ.എച്ച്.എ.ഐ., കൊച്ചി മെട്രോ എന്നീ ഏജൻസികൾ തമ്മിലുള്ള ഏകോപനക്കുറവ് മൂലം റോഡ് നിർമാണ-വികസന പ്രവർത്തനങ്ങൾക്കിടെ വൈദ്യുതി കേബിളുകൾ നിരന്തരം പൊട്ടുന്ന സാഹചര്യം ഒഴിവാക്കാൻ ഫലപ്രദമായ ഏകോപന സംവിധാനം നടപ്പാക്കണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉമ തോമസ് ആവശ്യപ്പെട്ടു.

തൃക്കാക്കരയുടെ വികസനത്തിനും ജനങ്ങൾക്ക് മികച്ച വൈദ്യുതി സേവനം ഉറപ്പാക്കുന്നതിനുമായി ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയും എം.എൽ.എ പ്രകടിപ്പിച്ചു.

Leave a Reply