കൊല്ലം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിച്ച ധനസഹായം കൈമാറിയതായി കൊല്ലം ജില്ലാ കളക്ടർ ആനി ജൂലാ തോമസ് അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിക്കൊപ്പം മരിച്ചവരുടെ വീടുകൾ സന്ദർശിച്ചാണ് അഞ്ച് ലക്ഷം രൂപ വീതമുള്ള ധനസഹായം കുടുംബങ്ങൾക്ക് കൈമാറിയത്.
അപകടത്തിൽ ജീവൻ നഷ്ടമായ കെഎസ്ആർടിസി ജീവനക്കാരനും നെടുവത്തൂർ സ്വദേശിയുമായ അജയകുമാർ (45), കടലാവിള കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി പാർഥിപ് (15), ഒടുവട്ടൂർ സ്വദേശി ഹരിലാൽ (54) എന്നിവരുടെ കുടുംബങ്ങൾക്കാണ് സമാശ്വാസ ധനസഹായം ലഭിച്ചത്.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ജില്ലാ ഭരണകൂടം, ദുരന്തബാധിത കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ തുടർന്നും ഉറപ്പാക്കുമെന്ന് അറിയിച്ചു.
അതേസമയം, ഇത്തരത്തിലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ടിപ്പർ ലോറികളുടെ പരിശോധന, സർവീസ് സമയനിയന്ത്രണം, വാഹനങ്ങളിൽ കയറ്റുന്ന ലോഡിന്റെ പരിധി എന്നിവ കൂടുതൽ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതായും ജില്ലാ കളക്ടർ വ്യക്തമാക്കി. ഗതാഗത സുരക്ഷ ശക്തിപ്പെടുത്തുന്നതിനും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുമാണ് ഈ നടപടികൾ ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.