You are currently viewing നീണ്ടകര അഴിമുഖത്ത് വള്ളം മറിഞ്ഞു; ഒരാൾ മരിച്ചു, രണ്ടുപേരെ കാണാതായി
Mumbai, India

നീണ്ടകര അഴിമുഖത്ത് വള്ളം മറിഞ്ഞു; ഒരാൾ മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം: കൊല്ലം നീണ്ടകര മത്സ്യബന്ധന തുറമുഖത്തിന് സമീപമുള്ള അഴിമുഖത്ത് ശക്തമായ തിരമാലയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്‌കരമായി തുടരുകയാണ്.

അപകടത്തിൽ നീണ്ടകര പുത്തൻതുറ സ്വദേശിയായ രാജീവൻ (76) ആണ് മരിച്ചത്. കടലിൽ നിന്ന് രാജീവനെ രക്ഷപ്പെടുത്തി കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വള്ളത്തിലുണ്ടായിരുന്ന രാധാകൃഷ്ണൻ (47), മകൻ ഗൗതം കൃഷ്ണ (26) എന്നിവരെയാണ് കാണാതായത്. ഇവർക്കായി കോസ്റ്റൽ പോലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ്.

പുത്തൻതുറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘മായാമി’ എന്ന മത്സ്യബന്ധന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് വള്ളത്തിൽ ആകെ 14 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവരിൽ 11 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചു.

പുലർച്ചെ നാല് മണിയോടെ മത്സ്യബന്ധനത്തിനായി കടലിൽ പോയ വള്ളം മത്സ്യബന്ധനം കഴിഞ്ഞ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെ നീണ്ടകര പുലിമുട്ടിന് സമീപം ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും പെട്ട് മറിയുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

കടലിലെ അതിശക്തമായ തിരമാലയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി അധികൃതർ അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് കൂടുതൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി രക്ഷാദൗത്യം ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply