ന്യൂഡൽഹി: കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. പ്രാഥമിക ഘട്ടത്തിൽ അഞ്ച് പദ്ധതികൾക്കായി ആകെ 2,039 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.
അംഗീകാരം ലഭിച്ച പദ്ധതികളിൽ വയനാട് ജില്ലയിലെ പെരിക്കല്ലൂരിൽ നിന്ന് കർണാടകയിലെ ബൈരകൂപയിലേക്ക് കബനി നദിക്ക് കുറുകെ പുതിയ പാലം നിർമ്മിക്കാൻ 49 കോടി രൂപ അനുവദിച്ചു. ദേശീയപാത 744-ലെ കൊല്ലം–തിരുമംഗലം പാതയുടെ വികസനത്തിന് 98.40 കോടി രൂപയും ദേശീയപാത 966-ൽ രാമനാട്ടുകര മുതൽ പാലക്കാട് ചന്ദ്രനഗർ വരെയുള്ള ഭാഗത്തിന് 172 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ദേശീയപാത 66-ൽ തിരുവനന്തപുരം കഴക്കൂട്ടം മുതൽ ബാലരാമപുരം വരെയുള്ള പഴയ ദേശീയപാതയുടെ വികസനത്തിനായി 66 കോടി രൂപയും കൊല്ലം–തേനി ദേശീയപാതയിൽ കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ നാലുവരി പാത വികസനത്തിനായി 1,663 കോടി രൂപയും കേന്ദ്രം അനുവദിച്ചതായി മന്ത്രി അറിയിച്ചു.
ഇതുകൂടാതെ, ശബരിമല, മൂന്നാർ, വയനാട് എന്നിവിടങ്ങളിൽ റോപ്പ്വേ പദ്ധതികൾക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചതായും മന്ത്രി പറഞ്ഞു. ദേശീയപാത 185-ൽ അടിമാലി–കുമളി റോഡിന്റെ വീതി വർധിപ്പിക്കുന്ന പദ്ധതിക്ക് ഉടൻ അനുമതി ലഭിക്കുമെന്നും കോതമംഗലം, മൂവാറ്റുപുഴ ബൈപ്പാസുകളുടെ പുതുക്കിയ അലൈൻമെന്റിനും വേഗത്തിൽ അംഗീകാരം ലഭിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് രാമനാട്ടുകര മുതൽ കരിപ്പൂർ വിമാനത്താവളം വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്ന പദ്ധതിക്ക് വിശദമായ പദ്ധതി റിപ്പോർട്ട് (DPR) സമർപ്പിക്കാൻ ദേശീയപാത അതോറിറ്റിയോട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർദേശം നൽകിയതായും പി.കെ. ബഷീർ അറിയിച്ചു.
സംസ്ഥാനത്തിന്റെ ഗതാഗത അടിസ്ഥാനസൗകര്യ വികസനത്തിന് ഈ തീരുമാനങ്ങൾ വലിയ മുന്നേറ്റമാകുമെന്നും ദേശീയപാത വികസന പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ കേന്ദ്രത്തിന്റെ പിന്തുണ തുടരുമെന്ന പ്രതീക്ഷയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.