നീലേശ്വരം: കാസർകോട് മടിക്കൈയിൽ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. പുല്ലൂർ മധുരമ്പാടി സ്വദേശി ഭരതൻ (52) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ മടിക്കൈ കണിച്ചിറ പാലത്തിനടുത്തുള്ള വളവിൽ ലൈനിലെ തകരാർ പരിഹരിക്കുന്നതിനായി വൈദ്യുതി തൂണിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഭരതൻ തൂണിൽ തന്നെ കുടുങ്ങുകയായിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അരയിൽ കയർ ബന്ധിച്ചിരുന്നതിനാൽ ഷോക്കേറ്റ ശേഷം താഴേക്ക് വീഴാതെ തൂണിൽ തന്നെ തങ്ങി.
വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി മൃതദേഹം താഴെയിറക്കി. തുടർന്ന് ജില്ലാശുപത്രിയിലേക്ക് മാറ്റി.
കെഎസ്ഇബി മാവുങ്കാൽ സെക്ഷനിലെ ജീവനക്കാരനായിരുന്നു ഭരതൻ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.