You are currently viewing എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസ നടപടികൾ; ഒരാഴ്ചയ്ക്കകം സെൽ രൂപീകരിക്കും, മരുന്ന് വിതരണത്തിന് പണമില്ലാത്ത പ്രശ്നമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസ നടപടികൾ; ഒരാഴ്ചയ്ക്കകം സെൽ രൂപീകരിക്കും, മരുന്ന് വിതരണത്തിന് പണമില്ലാത്ത പ്രശ്നമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി വിവിധ നടപടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരാഴ്ചയ്ക്കകം എൻഡോസൾഫാൻ സെൽ രൂപീകരിക്കുമെന്നും സെൽ യോഗം മൂന്ന് മാസത്തിലൊരിക്കൽ ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുമായി നേരിട്ട് സംസാരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ദുരിതബാധിതർക്കുള്ള മരുന്ന് വിതരണത്തിന് ഇനി സാമ്പത്തിക പ്രതിസന്ധി തടസമാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. മരുന്നുകളുടെ കുടിശിക തീർത്ത് വിതരണം സുഗമമാക്കും. കാസർകോടും സമീപ ജില്ലകളിലുമുള്ള ആശുപത്രികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. കാസർകോട് മെഡിക്കൽ കോളേജിൽ എൻഡോസൾഫാൻ ബാധിതർക്കായി പ്രത്യേക ചികിത്സാ വിഭാഗവും ആരംഭിക്കും.

മെഡിക്കൽ കോളേജിൽ പ്രത്യേക ചികിത്സാ സംവിധാനം സജ്ജമാകുന്നതുവരെ മംഗളൂരുവിലെ നാല് ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പാക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എൻഡോസൾഫാൻ ദുരിതബാധിതരുടെ സാന്ത്വന സഹായം 2,200 രൂപയിൽനിന്ന് 1,700 രൂപയായി കുറച്ച ഉത്തരവ് റദ്ദാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരിതബാധിതരുടെ ശാസ്ത്രീയമായ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് തയ്യാറാക്കും. ഇതിന്റെ ഭാഗമായി കുട്ടികൾക്കുള്ള വിവിധ തെറാപ്പികൾ സൗജന്യമായി നൽകും. ദുരിതബാധിതരായ കുട്ടികളെ പരിചരിക്കുന്ന അമ്മമാരെയും പാക്കേജിൽ ഉൾപ്പെടുത്തും. ഇവരുടെ ഉപജീവനത്തിനാവശ്യമായ സൗകര്യങ്ങളും ഉറപ്പാക്കും. ജില്ലയിലെ ബഡ്സ് സ്കൂളുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും നടപടിയുണ്ടാകും.

കടക്കെണിയിലായ ദുരിതബാധിതരുടെ രക്ഷിതാക്കളുടെ വിവരങ്ങൾ എൻഡോസൾഫാൻ സെൽ മുഖേന ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സൗജന്യ റേഷൻ, ബഡ്സ് സ്കൂളുകളിലെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളും സെൽ പരിശോധിക്കും. ഒരേ രോഗം ബാധിച്ച ഒരേ കുടുംബത്തിലെ രണ്ട് പേരിൽ ഒരാൾ മാത്രം ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടാതെ പോയ സംഭവവും പരിശോധിക്കും.

ദുരിതബാധിതരുടെ 60 ശതമാനം പ്രശ്നങ്ങളും വേഗത്തിൽ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക പാക്കേജ് നടപ്പാകുന്നതോടെ ശേഷിക്കുന്ന വിഷയങ്ങൾക്കും പരിഹാരമുണ്ടാകും. ദുരിതബാധിതർക്ക് നൽകിവരുന്ന ആജീവനാന്ത സൗജന്യ ചികിത്സയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.എം. ഷാജി മൂന്ന് മാസത്തിലൊരിക്കൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പ്രത്യേകം അവലോകനം ചെയ്യും.

കാലങ്ങളായി ദുരിതം അനുഭവിക്കുന്നവരെ ചേർത്തുപിടിക്കേണ്ടത് സമൂഹത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതബാധിതരെ വിധിക്ക് വിട്ടുകൊടുത്ത് കാഴ്ചക്കാരായി നിൽക്കാനാകില്ലെന്നും സർക്കാർ ഒപ്പമുണ്ടെന്ന ആത്മവിശ്വാസം നൽകുന്നതിനാണ് നേരിട്ടെത്തി സന്ദർശിച്ചതെന്നും അദ്ദേഹം കുറിച്ചു.

Leave a Reply