You are currently viewing എൽ നിനോ ശക്തിപ്രാപിക്കുന്നു; 2026-27ൽ ‘സൂപ്പർ എൽ നിനോ’ ഭീഷണിക്ക് സാധ്യത

എൽ നിനോ ശക്തിപ്രാപിക്കുന്നു; 2026-27ൽ ‘സൂപ്പർ എൽ നിനോ’ ഭീഷണിക്ക് സാധ്യത

ലോക കാലാവസ്ഥാ സംവിധാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തി എൽ നിനോ പ്രതിഭാസം ശക്തിപ്രാപിക്കുന്നതായി ശാസ്ത്രജ്ഞർ. 2026 ജൂണിൽ അമേരിക്കൻ കാലാവസ്ഥാ ഏജൻസിയായ എൻ‌ഒ‌എ‌എ (NOAA) എൽ നിനോ രൂപപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെ, ഇത് കൂടുതൽ ശക്തിപ്രാപിച്ച് 2027 വരെ നീളുന്ന “സൂപ്പർ എൽ നിനോ”യായി മാറാൻ 50 മുതൽ 67 ശതമാനം വരെ സാധ്യതയുണ്ടെന്നാണ് പുതിയ കാലാവസ്ഥാ മാതൃകകൾ സൂചിപ്പിക്കുന്നത്.

സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസിലധികം പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില ഉയരുമ്പോഴാണ് ‘സൂപ്പർ എൽ നിനോ’ എന്നറിയപ്പെടുന്ന അതിശക്തമായ ഘട്ടം രൂപപ്പെടുന്നത്. 2015-16 കാലഘട്ടത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത വരൾച്ച, വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങൾ എന്നിവയ്ക്ക് കാരണമായ എൽ നിനോയാണ് ഇതിന് മുമ്പ് വലിയ ആഘാതം സൃഷ്ടിച്ചത്.

സമുദ്ര സംരക്ഷണ സംഘടനയായ ഒഷ്യാന പുറത്തിറക്കിയ വിശദീകരണത്തിൽ, എൽ നിനോ സമുദ്ര ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. സമുദ്രത്തിലെ പോഷകസമൃദ്ധമായ തണുത്ത ജലത്തിന്റെ ഉയർച്ച (upwelling) കുറയുന്നതോടെ പ്ലാങ്ക്ടണുകളുടെ വളർച്ച തടസ്സപ്പെടുകയും മത്സ്യസമ്പത്ത് കുറയുകയും ചെയ്യും. പെറു, ചിലി തുടങ്ങിയ രാജ്യങ്ങളുടെ മത്സ്യബന്ധന മേഖലയെ ഇത് സാരമായി ബാധിക്കുമെന്നും കടൽസസ്തനികൾക്കും കടൽപ്പക്ഷികൾക്കും ഭക്ഷ്യക്ഷാമം നേരിടാനിടയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പവിഴപ്പുറ്റുകളുടെ വ്യാപകമായ ബ്ലീച്ചിംഗിനും സാധ്യതയുണ്ട്.

ആഗോളതലത്തിൽ അതിശക്തമായ മഴ, വെള്ളപ്പൊക്കം, കടുത്ത വരൾച്ച, കാട്ടുതീ, ഉയർന്ന താപനില തുടങ്ങിയ തീവ്ര കാലാവസ്ഥാ സംഭവങ്ങൾ വർധിക്കാനും എൽ നിനോ കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം പ്രതിഭാസങ്ങളുടെ ആഘാതം കൂടുതൽ രൂക്ഷമാകുമെന്നും മുന്നറിയിപ്പുണ്ട്.

മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, ജലസംരക്ഷണ നടപടികൾ സ്വീകരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ കാലാവസ്ഥാ ദുരന്തങ്ങളെ പ്രതിരോധിക്കാൻ സജ്ജമാക്കുക, മത്സ്യബന്ധന നയങ്ങളിൽ സാഹചര്യാനുസൃത മാറ്റങ്ങൾ വരുത്തുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഒഷ്യാന ആഹ്വാനം ചെയ്തു.

Leave a Reply