
മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന കൊല്ലം ജില്ലയിലെ പിറവന്തൂർ, പുന്നല വില്ലേജുകളെ കരട് പരിസ്ഥിതി ലോല മേഖല പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവിന് കത്ത് നൽകി.

കരട് പരിസ്ഥിതി ലോല മേഖല പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് എംപി ചൂണ്ടിക്കാട്ടി. വീടുകളും വസ്തുവകകളും, കൃഷി, ഉപജീവനമാർഗങ്ങൾ, ദൈനംദിന ജീവിതം, ഭാവിയിലെ വികസന പ്രവർത്തനങ്ങൾ എന്നിവയെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് ജനങ്ങൾ പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി ലോല മേഖലയുടെ അതിർത്തികൾ അന്തിമമാക്കുന്നതിന് മുമ്പ് പ്രദേശത്തെ നിലവിലുള്ള ഭൂവിനിയോഗം, ജനസംഖ്യാ വിതരണം, കാർഷിക പ്രവർത്തനങ്ങൾ, ഉപജീവനമാർഗങ്ങൾ, സാമൂഹിക-സാമ്പത്തിക സാഹചര്യം എന്നിവ വിശദമായി പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
പ്രദേശവാസികൾ, ജനപ്രതിനിധികൾ, മറ്റ് ബന്ധപ്പെട്ടവർ എന്നിവർ ഉന്നയിച്ച ആശങ്കകളും നിവേദനങ്ങളും പരിഗണിച്ച് പിറവന്തൂർ, പുന്നല വില്ലേജുകളെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം പ്രദേശവാസികളുടെ നിയമാനുസൃത അവകാശങ്ങളും ഉപജീവന താൽപര്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ യഥാർഥ ജീവിതസാഹചര്യങ്ങൾ കണക്കിലെടുത്ത് പരിസ്ഥിതി ലോല മേഖലയുടെ അതിർത്തികൾ അന്തിമമാക്കുന്നതിന് മുമ്പ് ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.
പിറവന്തൂർ, പുന്നല പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകൾക്ക് അർഹമായ പരിഗണന ലഭിക്കുന്നതിനായി തുടർന്നും ഇടപെടുമെന്നും എംപി അറിയിച്ചു.