
ചങ്ങനാശ്ശേരി:ആലപ്പുഴയുടെയും കുട്ടനാടിന്റെയും സമ്പന്നമായ ജലപൈതൃകവും പ്രകൃതിസൗന്ദര്യവും വിനോദസഞ്ചാര സാധ്യതകളും ലോകത്തിന് മുന്നിൽ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിനായി ആലപ്പുഴ–ചങ്ങനാശ്ശേരി കനാലിനെ ദേശീയ പൈതൃക–വിനോദസഞ്ചാര ജലപാതയായി വികസിപ്പിക്കുന്ന നിർദേശത്തിന് കേന്ദ്ര സർക്കാരിന്റെ അനുകൂല പ്രതികരണം.

കനാലിന്റെ പൈതൃകവും വിനോദസഞ്ചാര സാധ്യതകളും പ്രയോജനപ്പെടുത്തി പദ്ധതി നടപ്പാക്കുന്നതിനായി കേരള വിനോദസഞ്ചാര വകുപ്പുമായി ചേർന്ന് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര തുറമുഖ, കപ്പൽഗതാഗത, ജലപാത വകുപ്പ് മന്ത്രി സർബാനന്ദ സോണോവാൾ അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി. വ്യക്തമാക്കി.

കനാലിനെ പൈതൃക–വിനോദസഞ്ചാര ജലപാതയായി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഇന്ത്യൻ ഉൾനാടൻ ജലപാത അതോറിറ്റിയുടെ വിശദമായ പരിശോധനകൾക്ക് ശേഷം അനുകൂല പ്രതികരണം ലഭിച്ചത്.
കിടങ്ങറയിലെ ഇരുപത്തിനാലാം കിലോമീറ്ററിലുള്ള താഴ്ന്ന പാലം മൂലം തടസ്സപ്പെടുന്ന ഭാഗം ഒഴികെ കനാൽ നിലവിൽ ഗതാഗതയോഗ്യമാണെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ. ആലപ്പുഴയിലെ അതോറിറ്റിയുടെ ജലപാതാ സൗകര്യങ്ങളുടെ വികസനം, പോള നീക്കം ചെയ്യൽ, ജലപാതാ ആഴം സംബന്ധിച്ച പരിശോധന, തീരസംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളും ഇതിനകം നടപ്പാക്കിയിട്ടുണ്ട്.
വൈക്കം, തണ്ണീർമുക്കം, ആലപ്പുഴ, കായംകുളം എന്നിവിടങ്ങളിൽ നാല് ഒഴുകുന്ന ജെട്ടികൾ അനുവദിച്ചിട്ടുള്ളതും വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ സാധ്യതകൾ തുറക്കുന്നതാണ്. വിനോദയാത്രാ കപ്പൽ സർവീസുകൾ ഉൾപ്പെടെയുള്ള ജലവിനോദസഞ്ചാര വികസനത്തിനും ഇത് സഹായകരമാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
കനാലിന്റെ തീരങ്ങളിൽ ജലപാതയോടനുബന്ധിച്ച നടപ്പാതകൾ, വിശ്രമ–വിനോദ സൗകര്യങ്ങൾ, കരയിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ, തദ്ദേശസ്ഥാപനങ്ങൾ, വിനോദസഞ്ചാര മേഖലയിലെ പങ്കാളികൾ എന്നിവരുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജലഗതാഗതം, വിനോദസഞ്ചാരം, പ്രാദേശിക സാമ്പത്തിക വികസനം, പുതിയ തൊഴിലവസരങ്ങൾ എന്നിവയ്ക്ക് വലിയ സാധ്യതകൾ സൃഷ്ടിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
എ.സി കനാലിന്റെ പൈതൃകവും സാധ്യതകളും സംരക്ഷിച്ചുകൊണ്ട് ലോകോത്തര ജലവിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനായി കേരള വിനോദസഞ്ചാര വകുപ്പുമായും കേന്ദ്ര ഏജൻസികളുമായും ഏകോപനം നടത്തി തുടർനടപടികൾ വേഗത്തിലാക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു.