
കായംകുളം: ദേശീയപാത 66-ൽ കായംകുളം നഗരത്തിൽ ഉയരപ്പാത നിർമ്മിക്കുന്നതിന് തത്വത്തിൽ ധാരണയായതായി സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു അറിയിച്ചു. നിലവിൽ കായംകുളം നഗരത്തെ രണ്ടായി വിഭജിക്കുന്ന തരത്തിൽ നിർമിക്കുന്ന പാതയ്ക്ക് പകരം ഉയരപ്പാത വേണമെന്ന ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം.

ഡൽഹിയിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറും നടത്തിയ നിർണായക കൂടിക്കാഴ്ചയിലാണ് വിഷയത്തിൽ ധാരണയായത്. നിലവിലെ കരാർ റദ്ദാക്കി ഉടൻ വീണ്ടും ടെൻഡർ വിളിക്കാനും ഉയരപ്പാതയ്ക്ക് അനുയോജ്യമായ പുതിയ രൂപരേഖ തയ്യാറാക്കാനും നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി ഫോണിൽ നേരിട്ട് അറിയിച്ചതായി എം. ലിജു പറഞ്ഞു.

യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷം നടത്തിയ ആദ്യ ഡൽഹി സന്ദർശനത്തിൽ തന്നെ നിതിൻ ഗഡ്കരിയെ കണ്ട് ഉയരപ്പാതയുടെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നതായും മന്ത്രി വ്യക്തമാക്കി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിരുന്നു.
തുടർച്ചയായ ഇടപെടലുകളുടെ ഫലമായാണ് ഇപ്പോഴത്തെ തീരുമാനമെന്നും എം. ലിജു പറഞ്ഞു. കായംകുളത്തിന്റെ ചിരകാല ആവശ്യമായ ഉയരപ്പാത യാഥാർഥ്യമാക്കുന്നതിനായി ഇടപെട്ട കെ.സി. വേണുഗോപാൽ എം.പി., കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രി വി.ഡി. സതീശൻ, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ എന്നിവർക്കും മന്ത്രി നന്ദി അറിയിച്ചു.
കായംകുളത്തിന്റെ വികസനപാതയിലെ വലിയ നാഴികക്കല്ലാണ് ഉയരപ്പാത സംബന്ധിച്ച തീരുമാനമെന്നും എം. ലിജു പറഞ്ഞു.