
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയെ സർക്കാർ പുനഃസംഘടിപ്പിച്ചു. നടനും ചലച്ചിത്രമേളാ ക്യൂറേറ്ററുമായ രവീന്ദ്രനെയാണ് പുതിയ ചെയർമാനായി നിയമിച്ചത്. നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായർ വൈസ് ചെയർപേഴ്സണാകും. നടൻ സലിം ഹസ്സനും യുവ സംവിധായകൻ ജോഫിൻ ടി. ചാക്കോയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ചുമതലയേൽക്കും.

അക്കാദമിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 15 അംഗ ജനറൽ കൗൺസിലും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം. വി. ഗിരീഷ്കുമാർ, ബി. രാകേഷ്, സജീവൻ അന്തിക്കാട്, സക്കരിയ, ആർ. എസ്. പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരാണ് ജനറൽ കൗൺസിലിലെ മറ്റ് അംഗങ്ങൾ.

മലയാള സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനാണ് പുതിയ നേതൃത്വത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് സിനിമാ സാക്ഷരത വളർത്തുന്നതിനുള്ള പരിപാടികൾക്കും പ്രാദേശിക ചലച്ചിത്രമേളകൾ വിപുലീകരിക്കുന്നതിനും മുൻഗണന നൽകുമെന്ന് പുതിയ ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്.
എൺപതുകളിൽ മലയാള-തമിഴ് സിനിമകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന രവീന്ദ്രൻ, അഭിനയത്തിന് പുറമെ ചലച്ചിത്ര സംഘാടകൻ, ക്യൂറേറ്റർ, സിനിമാ ഗവേഷകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ചെന്നൈയിലെ അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ ഔപചാരിക പരിശീലനം നേടിയ അദ്ദേഹം 1980ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ഒരു തലൈ രാഗം’ വഴിയാണ് സിനിമയിലെത്തിയത്.
എൺപതുകളിലെ മലയാള സിനിമയിൽ വ്യത്യസ്തമായ വേഷങ്ങളും നൃത്തശൈലിയും കൊണ്ട് ശ്രദ്ധ നേടിയ അദ്ദേഹം ‘ഈ നാട്’, ‘മദ്രാസിലെ മോൻ’, ‘അശ്വരഥം’, ‘ജോൺ ജാഫർ ജനാർദ്ദനൻ’, ‘അതിരാത്രം’, ‘ആട്ടക്കലാശം’, ‘പാപ്പയുടെ സ്വന്തം അപ്പൂസ്’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിലും നിരവധി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ ചുമതല താൻ ഏറെ ആഗ്രഹിച്ചിരുന്ന പദവിയാണെന്ന് രവീന്ദ്രൻ പ്രതികരിച്ചു. യുവാക്കളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനും മലയാള സിനിമകൾക്ക് ഓസ്കാർ ഉൾപ്പെടെയുള്ള ആഗോള വേദികളിൽ കൂടുതൽ സാന്നിധ്യം ഉറപ്പാക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയെക്കുറിച്ചുള്ള അറിവും ആസ്വാദനശേഷിയും വിദ്യാർഥികളിൽ വളർത്തുന്നതിനായി സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള സിനിമാ സാക്ഷരതാ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.