
കൊല്ലം: കേരള സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപത്തായിരുന്നു സംഭവം.

സഹകരണ മേഖലയിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനത്തിനായി കുണ്ടറയിലേക്ക് പോകുന്നതിനിടെ അമിത് ഷാ ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങിയ ശേഷമാണ് പ്രതിഷേധം നടന്നത്. വാഹനവ്യൂഹം മുന്നോട്ട് നീങ്ങുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സുരക്ഷാവലയം മറികടന്ന് വാഹനത്തിന് മുന്നിലേക്ക് എത്തി കരിങ്കൊടി കാണിക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് പ്രതിഷേധം നടത്തിയതിനെ തുടർന്ന് ബിനു ചുള്ളിയൽ ഉൾപ്പെടെ അഞ്ചോളം പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.