
മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് ദേശീയപാത-744ന്റെ കൊല്ലം ചിന്നക്കട മുതൽ പുനലൂർ ഇടമൺ വരെയുള്ള ഭാഗത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. നിലവിൽ പരിഗണനയിലുള്ള 10 മീറ്റർ വീതിയിലുള്ള വികസനവും ദേശീയപാത പദവി ഒഴിവാക്കി (ഡി-നോട്ടിഫിക്കേഷൻ) സംസ്ഥാന സർക്കാരിന് കൈമാറാനുള്ള നീക്കവും പൂർണമായും ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൊല്ലം–ഇടമൺ ഭാഗം കൊട്ടാരക്കര ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലൂടെ കടന്നുപോകുന്ന കേരള-തമിഴ്നാട് അന്തർസംസ്ഥാന ദേശീയപാതയാണെന്നും, ഭാവിയിലെ ഗതാഗത ആവശ്യകത കണക്കിലെടുത്ത് നാല് വരിപ്പാതയായി വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നും എംപി മന്ത്രിയെ അറിയിച്ചു. ദേശീയപാതയെ വെറും 10 മീറ്റർ വീതിയിൽ ഒതുക്കി സംസ്ഥാനത്തിന് കൈമാറുന്നത് ജനങ്ങളുടെ ദീർഘകാല താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും വികസന സാധ്യതകളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വിഷയം ഗൗരവത്തോടെ പരിഗണിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ദേശീയപാത അതോറിറ്റിയുടെ ചീഫ് എൻജിനീയറെ വിളിച്ചുവരുത്തി വിശദീകരണം തേടിയതായി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
കടമ്പാട്ടുകോണം വഴിയുള്ള ഗ്രീൻഫീൽഡ് ഹൈവേ പ്രഖ്യാപിച്ചപ്പോൾ ചിന്നക്കട മുതൽ ഇടമൺ വരെ ദേശീയപാതയായി തുടരുമെന്ന് കേന്ദ്രം നൽകിയ ഉറപ്പ് പാലിക്കണമെന്നും എംപി ആവശ്യപ്പെട്ടു. 10 മീറ്റർ വികസനവും ഡി-നോട്ടിഫിക്കേഷനും ഉപേക്ഷിച്ച് ദേശീയപാത-744 നാല് വരിപ്പാതയായി വികസിപ്പിക്കാൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കൊട്ടാരക്കര ഉൾപ്പെടെയുള്ള പ്രധാന പട്ടണങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബൈപ്പാസുകൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയും ഭാവി ഗതാഗതം കണക്കിലെടുത്തുള്ള ശാസ്ത്രീയ വികസനത്തിന്റെ പ്രാധാന്യവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും എംപി വ്യക്തമാക്കി.
ഈ വിഷയത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉറപ്പാക്കുന്നതിനൊപ്പം, കേരള മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും നേരിൽ കണ്ട് സംസ്ഥാന സർക്കാരിന്റെ പിന്തുണ ഉറപ്പാക്കാൻ തുടർനടപടികൾ സ്വീകരിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ദേശീയപാത-744ന്റെ ചിന്നക്കട–ഇടമൺ ഭാഗത്തെ വികസനവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ ശൂന്യവേളയിലും റൂൾ 377 പ്രകാരവും കേന്ദ്രസർക്കാരിന്റെ അനുകൂല ഇടപെടൽ ആവശ്യപ്പെട്ട് നോട്ടീസുകൾ നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.