You are currently viewing എംഡിഎംഎ കടത്ത് കേസ്: താത്കാലിക കായിക അധ്യാപിക സർവീസിൽ നിന്ന് പുറത്താക്കി; സ്പെഷ്യൽ എഡ്യൂക്കേറ്ററും അറസ്റ്റിൽ

എംഡിഎംഎ കടത്ത് കേസ്: താത്കാലിക കായിക അധ്യാപിക സർവീസിൽ നിന്ന് പുറത്താക്കി; സ്പെഷ്യൽ എഡ്യൂക്കേറ്ററും അറസ്റ്റിൽ

കോഴിക്കോട്: എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് പേരാമ്പ്ര ബി.ആർ.സിയിലെ താത്കാലിക കായിക അധ്യാപിക കെ.സി. കീർത്തനയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി വടകര പോലീസാണ് കീർത്തനയെ അറസ്റ്റ് ചെയ്തത്.

പോലീസ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര ബി.ആർ.സിയിലെ തന്നെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ കൂരാച്ചുണ്ട് സ്വദേശിനി കാവ്യയെയും (28) പിന്നീട് അറസ്റ്റ് ചെയ്തു. ഇരുവരും ലഹരിമരുന്ന് വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ആവശ്യക്കാർ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്യൂആർ കോഡ് വഴി ഓൺലൈനായി പണം അയച്ച ശേഷം, ഫോൺ മുഖേന ലഹരിമരുന്ന് ലഭിക്കുന്ന സ്ഥലത്തെക്കുറിച്ച് വിവരം നൽകുന്നതായിരുന്നു ഇവരുടെ പ്രവർത്തനരീതിയെന്ന് പോലീസ് അറിയിച്ചു. തുടർന്ന് സംഘത്തിലെ മറ്റൊരാൾ സ്ഥലത്തെത്തി എംഡിഎംഎ കൈമാറിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അറസ്റ്റിലായ ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ലഹരിമരുന്ന് ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

മയക്കുമരുന്ന് കേസിൽ പ്രതിയായ സാഹചര്യത്തിൽ കീർത്തനയെ സർവീസിൽ നിന്ന് അടിയന്തരമായി പിരിച്ചുവിടാൻ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഉത്തരവിറക്കി. കേസിൽ അറസ്റ്റിലായ സ്പെഷ്യൽ എഡ്യൂക്കേറ്റർ കാവ്യയെയും സർവീസിൽ നിന്ന് പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Leave a Reply