You are currently viewing കെഎസ്ആർടിസിയുടെ നവീകരണത്തിന് ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

കെഎസ്ആർടിസിയുടെ നവീകരണത്തിന് ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

കോഴിക്കോട്: കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎം കോഴിക്കോട്)യുമായി ദീർഘകാല സഹകരണത്തിന് കെഎസ്ആർടിസി നടപടി ആരംഭിച്ചു. ഉദ്യോഗസ്ഥ പരിശീലനം, സർവീസ് ആസൂത്രണം, വരുമാന വർധന, യാത്രക്കാരുടെ സേവനം, സാങ്കേതികവിദ്യയുടെ പ്രയോജനം തുടങ്ങിയ മേഖലകളിൽ ഐഐഎം കോഴിക്കോടിന്റെ മാനേജ്മെന്റ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിന്റെ നടപടികളാണ് പുരോഗമിക്കുന്നത്.

ഗതാഗത വകുപ്പ് മന്ത്രി, ഐഐഎം കോഴിക്കോട് ഡയറക്ടർ, കെഎസ്ആർടിസി സിഎംഡി എന്നിവരുടെ നേതൃത്വത്തിൽ സെപ്റ്റംബർ അഞ്ചിന് കോഴിക്കോട് പ്രാഥമിക ചർച്ച നടത്തി. തുടർന്ന് കെഎസ്ആർടിസി തയ്യാറാക്കിയ ധാരണാപത്രത്തിന്റെ കരട് ഐഐഎം കോഴിക്കോട് ഡയറക്ടർക്ക് കൈമാറി. കരട് പരിശോധിച്ച് തുടർനടപടികൾ വേഗത്തിലാക്കുമെന്ന് ഐഐഎം കോഴിക്കോട് അറിയിച്ചു.

മാനേജ്മെന്റ് പരിശീലനവും നേതൃത്വ വികസനവും സഹകരണത്തിന്റെ പ്രധാന ഘടകങ്ങളാകും. സാങ്കേതിക, ഓപ്പറേറ്റിംഗ്, അക്കൗണ്ട്സ്, പേഴ്സണൽ, ഐ.ടി. വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനൊപ്പം സർവീസ് ഷെഡ്യൂൾ ആസൂത്രണം, ഡിപ്പോതല പ്രവർത്തന മികവ്, സമയനിഷ്ഠ, റൂട്ട് ക്രമീകരണം, ചെലവ് നിയന്ത്രണം, ടിക്കറ്റിതര വരുമാന സാധ്യതകൾ തുടങ്ങിയ മേഖലകളിലും വിദഗ്ധ പഠനവും പിന്തുണയും ലഭ്യമാക്കും.

ഡ്രൈവർമാർ, കണ്ടക്ടർമാർ, സ്റ്റേഷൻ മാസ്റ്റർമാർ, എൻക്വയറി-റിസർവേഷൻ ജീവനക്കാർ തുടങ്ങിയ യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകും. യാത്രക്കാരുമായുള്ള ആശയവിനിമയം, മര്യാദ, സുരക്ഷാബോധം എന്നിവയ്ക്കൊപ്പം സ്ത്രീകൾ, മുതിർന്ന പൗരന്മാർ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിലും പരിശീലനത്തിൽ പ്രാധാന്യം നൽകും.

യാത്രക്കാരുടെ അഭിപ്രായ സർവേകൾ, സർവീസുകളുടെ ബ്രാൻഡിംഗ്, ഓൺലൈൻ സേവനങ്ങളുടെ വിപുലീകരണം എന്നിവയ്ക്കൊപ്പം ഡാറ്റാ അനലിറ്റിക്സും നിർമിത ബുദ്ധിയും (AI) ഉപയോഗിച്ച് തീരുമാനമെടുക്കലിന് സഹായിക്കുന്ന ഡാഷ്ബോർഡുകളും സംവിധാനങ്ങളും വികസിപ്പിക്കാനും പദ്ധതിയുണ്ട്.

വിഴിഞ്ഞം തുറമുഖം, ദേശീയപാത 66 തുടങ്ങിയ വികസന പദ്ധതികൾ സൃഷ്ടിക്കുന്ന പുതിയ ലോജിസ്റ്റിക്സ് സാധ്യതകൾ കെഎസ്ആർടിസിക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള പഠനങ്ങളും നടത്തും. പൊതുഗതാഗത മേഖലയിലെ സംയുക്ത ഗവേഷണം, ഐഐഎംകെ വിദ്യാർഥികളുടെ കെഎസ്ആർടിസിയിലെ ഇന്റേൺഷിപ്പുകളും പ്രോജക്ടുകളും, ഐഐഎംകെ വേദികളിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ പങ്കാളിത്തം എന്നിവയും നിർദിഷ്ട സഹകരണത്തിന്റെ ഭാഗമാകും.

പരിശീലന സെഷനുകളുടെ ഘടന, ഫാക്കൽറ്റി, പരിശീലന ഫീസ്, താമസ സൗകര്യം, പഠനസാമഗ്രികൾ തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടുന്ന പ്രൊപ്പോസലും ഐഐഎം കോഴിക്കോട് സമർപ്പിച്ചിട്ടുണ്ട്.

ഫ്ലീറ്റ് ആധുനികവൽക്കരണം, കെഎസ്ആർടിസി-സ്വിഫ്റ്റ് പ്രവർത്തനങ്ങൾ, ഡിപ്പോ നവീകരണം, ലോജിസ്റ്റിക്സ് മേഖലയിലെ വിപുലീകരണം തുടങ്ങിയ പദ്ധതികൾക്ക് ഐഐഎം കോഴിക്കോടുമായുള്ള സഹകരണം കൂടുതൽ കരുത്തേകുമെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചു. പ്രവർത്തന മികവ്, സാങ്കേതികവിദ്യയുടെ പ്രയോജനം, വരുമാന വർധന, യാത്രക്കാരുടെ സേവന നിലവാരം, ജീവനക്കാരുടെ മാനേജ്മെന്റ് ശേഷി എന്നിവ ഒരേസമയം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവയ്പാണ് സഹകരണമെന്ന് ഗതാഗത വകുപ്പ് മന്ത്രിയും വ്യക്തമാക്കി.

Leave a Reply