
കണ്ണൂർ: ജപ്പാനിലെ ഗിഫുവിൽ നടന്ന ട്രെയിൻ അപകടത്തിൽ മരിച്ച കണ്ണൂർ ഇരിക്കൂർ പടിയൂർ സ്വദേശിനി ദേവികയുടെ വേർപാടിൽ നടുങ്ങി ജന്മനാട്. സെപ്റ്റംബർ രണ്ടിനാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ അപകടം നടന്നത്.

അപകടത്തിൽ ദേവികയുടെ മൃതദേഹം പൂർണമായും ചിന്നിച്ചിതറിയ നിലയിലായതിനാൽ ഭൗതികശരീരം നാട്ടിലെത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. ഇതേത്തുടർന്ന് ബന്ധുക്കളുടെ അനുമതിയോടെ സംസ്കാരച്ചടങ്ങുകൾ ജപ്പാനിൽ തന്നെ നടത്താൻ തീരുമാനിച്ചു.

കേവലം ആറ് മാസം മുൻപാണ് നഴ്സിംഗ് കെയർ വിസയിൽ ദേവിക ജപ്പാനിലേക്ക് പോയത്. ആയിരം സ്വപ്നങ്ങളുമായി പ്രവാസജീവിതം ആരംഭിച്ച ദേവിക കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ മരണം കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും തീരാനൊമ്പരമായി മാറിയിരിക്കുകയാണ്.