
തിരുവനന്തപുരം/കൊല്ലം: കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ പൊലീസ് മർദനമുണ്ടായെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഡിജിപിയോട് വിശദമായ റിപ്പോർട്ട് തേടിയതായി ആഭ്യന്തര മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. കുറ്റക്കാർ ആരായാലും സംരക്ഷിക്കില്ലെന്നും നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദ് ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അയൽവാസിയായ 13 വയസുകാരനെ കാണാതായെന്ന പരാതിയെ തുടർന്നാണ് ജൂൺ 16-ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ച് സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാണാതായതായി കരുതിയ കുട്ടി പിറ്റേന്ന് രാവിലെ തിരിച്ചെത്തിയതിനെ തുടർന്നാണ് സിയാദിനെ പൊലീസ് വിട്ടയച്ചത്.
പൊലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദിച്ചതാണ് മരണകാരണമെന്ന് സിയാദിന്റെ കുടുംബം ആരോപിക്കുന്നു. ജീപ്പിൽ കയറ്റിയതു മുതൽ തന്നെ പൊലീസ് മർദനം ആരംഭിച്ചിരുന്നുവെന്നാണ് ഭാര്യയുടെ ആരോപണം. കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സിയാദ് ഭാര്യയോടും സുഹൃത്തിനോടും തനിക്ക് ക്രൂരമർദനമേറ്റതായി പറഞ്ഞിരുന്നതായും കുടുംബം വ്യക്തമാക്കുന്നു.
തുടർച്ചയായ ശരീരവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ സിയാദിന് കൊല്ലം ജില്ലാ ആശുപത്രിയിലെ പരിശോധനയിൽ വാരിയെല്ല് തകർന്നതും ഗുരുതരമായ അണുബാധ ഉണ്ടായതും കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സംഭവം വലിയ വിവാദമായതോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കളും സംഘടനകളും സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികളായ പൊലീസുകാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാനും, സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് നിർദേശം നൽകാനും സർക്കാർ തീരുമാനിച്ചത്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നിയമപ്രകാരമുള്ള കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.