
കണ്ണൂർ: ചെറുപുഴയിൽ പുഴയിലെ തുരുത്തിൽ കുടുങ്ങിയയാളെ രക്ഷിക്കുന്നതിനിടെ തന്റെ ജീവൻ നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശി റെപ്പല്ലിങ് ഇൻസ്ട്രക്ടർ രാജേഷിന്റെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. പുളിങ്ങോം മീന്തുള്ളി തുരുത്തിന് സമീപത്തുനിന്നാണ് ഓഗസ്റ്റ് 4-ന് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

മീന്തുള്ളി തുരുത്തിൽ ബെന്നി എന്നയാൾ ഒറ്റപ്പെട്ടുപോയതിനെ തുടർന്നാണ് രാജേഷും സുഹൃത്തുക്കളായ ഷിബിനും ജിതിനും ചേർന്ന് രക്ഷാപ്രവർത്തനത്തിനായി ശക്തമായ ഒഴുക്കുള്ള പുഴയിലേക്ക് ഇറങ്ങിയത്. നീന്തി തുരുത്തിലെത്തിയ സംഘം ബെന്നിയെ രക്ഷപ്പെടുത്തി.
രക്ഷാപ്രവർത്തനത്തിനിടെ രാജേഷ് തന്റെ ശരീരത്തിലുണ്ടായിരുന്ന ലൈഫ് ജാക്കറ്റ് ഊരി ബെന്നിക്ക് നൽകുകയായിരുന്നു. തുടർന്ന് ബെന്നിയെ സുരക്ഷിതമായി കരയിലെത്തിച്ച ശേഷം രാജേഷ് തിരികെ പുഴ കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
‘ഈ വെള്ളമൊക്കെ അവന് നിസ്സാരമാണ്. അതികഠിനമായ വെള്ളം വന്നപ്പോഴാണ് കൈവിട്ട് പോയത്. റോപ്പിലൂടെ അങ്ങോട്ട് പോയ അവന് തിരിച്ചുവരാൻ പറ്റിയില്ല. കാരണം വെള്ളം റോപ്പിന് മുകളിലായി’, രാജേഷിനൊപ്പമുണ്ടായിരുന്ന രക്ഷാസംഘത്തിലെ സുഹൃത്ത് പറഞ്ഞു.
ശക്തമായ കുത്തൊഴുക്കിനിടെ രാജേഷ് കയറിലെ പിടിവിട്ടാണ് ഒഴുക്കിൽപ്പെട്ടതെന്നാണ് വിവരം. മികച്ച നീന്തൽ വിദഗ്ധനായിരുന്ന രാജേഷിന് വെള്ളത്തിലെ കടുത്ത തണുപ്പ് കാരണം ശരീരം കോച്ചിപ്പിടിച്ചതാകാം പെട്ടെന്ന് മുങ്ങിപ്പോകാൻ കാരണമെന്നാണ് സംശയിക്കുന്നത്.
ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകുന്നേരമാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്. തുടർന്ന് ഫയർഫോഴ്സിന്റെയും പ്രാദേശിക രക്ഷാപ്രവർത്തകരുടെയും നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. രണ്ട് ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റി (ADMS)യിലെ സജീവ അംഗമായിരുന്നു 37കാരനായ രാജേഷ്. സാഹസിക ടൂറിസം പരിശീലനത്തിനും ക്ലാസുകൾക്കുമായി ഏകദേശം ഒരു മാസം മുമ്പാണ് അദ്ദേഹം കണ്ണൂരിലെത്തിയത്. മീന്തുള്ളി വാട്ടർഫാൾസ് കേന്ദ്രീകരിച്ചായിരുന്നു പരിശീലന പ്രവർത്തനങ്ങൾ.
കേരളത്തിലെ പ്രളയകാലത്തും വയനാട് ദുരന്തമേഖലയിലും രാജേഷ് രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. ദുരന്തനിവാരണ-രക്ഷാപ്രവർത്തന രംഗത്തെ പരിചയസമ്പന്നനായ വോളന്റിയറായിരുന്ന അദ്ദേഹം കായികരംഗത്തും മികവ് തെളിയിച്ചിരുന്നു. ത്രോബോൾ ദേശീയ ടീമിലും അംഗമായിരുന്നു.
മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വന്തം സുരക്ഷ പോലും അവഗണിച്ച രാജേഷിന്റെ മരണം രക്ഷാപ്രവർത്തകർക്കിടയിലും നാട്ടുകാരിലും വലിയ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അവസാന രക്ഷാപ്രവർത്തനം തന്നെ ജീവിതത്തിലെ ഏറ്റവും വലിയ ത്യാഗമായി മാറുകയായിരുന്നു.