
തിരുവനന്തപുരം: യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി കെഎസ്ആർടിസി അവതരിപ്പിക്കുന്ന എഐ പവർഡ് വാട്ട്സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം നാളെ നിലവിൽ വരും. കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നാളെ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ പദ്ധതി ഉദ്ഘാടനം ചെയ്യും. യാത്രക്കാർക്ക് വാട്സ്ആപ്പ് അധിഷ്ഠിതമായി കൂടുതൽ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത.
ചടങ്ങിൽ സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കെഎസ്ആർടിസി ജീവനക്കാർക്കുള്ള അവാർഡുകളും സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം നടത്തിയ കെഎസ്ആർടിസി യൂണിറ്റിനുള്ള പുരസ്കാരവും വിതരണം ചെയ്യും.
ഇതിന് പുറമെ കെഎസ്ആർടിസിയുടെ 24×7 കസ്റ്റമർ കെയർ ടോൾ ഫ്രീ നമ്പറായ 149-ന്റെ സേവനോദ്ഘാടനവും നവീകരിച്ച കെഎസ്ആർടിസി കൊറിയർ സംവിധാനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
ഗതാഗത സെക്രട്ടറി ടി.വി. അനുപമ ഐഎഎസ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കും. കെഎസ്ആർടിസി സിഎംഡി പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിക്കും.
പുതിയ വാട്സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനവും 24 മണിക്കൂർ കസ്റ്റമർ കെയർ സേവനവും ഉൾപ്പെടെയുള്ള പുതിയ സംരംഭങ്ങൾ കെഎസ്ആർടിസിയുടെ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ യാത്രാസൗഹൃദമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അവതരിപ്പിക്കുന്നത്.