
പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ മികച്ച സൗകര്യങ്ങളോടെ സമഗ്ര വികസനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ മന്ത്രി, ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടുമെന്നും അറിയിച്ചു.

ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തുന്നതിനുള്ള സാധ്യതയും പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി. കാഷ്വാലിറ്റിയിൽ കൂടുതൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കാഷ്വാലിറ്റി സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
രോഗനിർണയ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സി.ടി., എം.ആർ.ഐ. സ്കാൻ സൗകര്യങ്ങൾ ലഭ്യമാക്കും. സ്‌ട്രോക്ക് ഐ.സി.യു. സ്ഥാപിക്കുന്നതിനൊപ്പം കാത്ത് ലാബ് ഒരുക്കുന്നതും പരിഗണനയിലുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഫോറൻസിക് സർജനെ നിയമിക്കുന്ന കാര്യവും പരിഗണിക്കും.
ന്യൂറോളജിസ്റ്റിന്റെ സേവനം ആശുപത്രിയിൽ ലഭ്യമാക്കുന്നതിനും നടപടിയുണ്ടാകും. ലബോറട്ടറി സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ആവശ്യമായ ജീവനക്കാരെ നിയമിക്കും. സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, സൈക്കോളജി വിഭാഗങ്ങളിലും വിദഗ്ധരുടെ സേവനം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
ആശുപത്രി സന്ദർശനത്തിൽ എം.എൽ.എമാരായ ജ്യോതികുമാർ ചാമക്കാല, സി. അജയപ്രസാദ്, ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽകുമാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.