You are currently viewing മകളെ ബസിൽ കയറ്റി മടങ്ങുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് 48കാരിക്ക് ദാരുണാന്ത്യം

മകളെ ബസിൽ കയറ്റി മടങ്ങുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് 48കാരിക്ക് ദാരുണാന്ത്യം

തൃശൂർ: മകളെ സുരക്ഷിതമായി ബസിൽ കയറ്റിവിട്ട് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസിടിച്ച് കാഞ്ഞൂർ പൊരന്തരപ്പിള്ളി സ്വദേശിനിക്ക് ദാരുണാന്ത്യം. പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സന്റെ ഭാര്യ സിന്ധു (48) ആണ് മരിച്ചത്.

കനത്ത മഴയിൽ മകൾ നനയാതിരിക്കാനാണ് സിന്ധു മകളായ ആൻ മരിയയെ ബസ് കയറ്റിവിടാൻ ഒപ്പം പോയത്. രാജഗിരി ആശുപത്രിയിൽ ജോലിക്ക് പോകുന്ന ആൻ മരിയയെ ബസിൽ കയറ്റിയ ശേഷം, മകൾ തിരികെ നൽകിയ മഴക്കോട്ടുമായി സിന്ധു റോഡിനപ്പുറത്ത് നിർത്തിയിരുന്ന സ്കൂട്ടറിനരികിലേക്ക് നടക്കുകയായിരുന്നു.

ഇതിനിടെ ചാലക്കുടിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിന്റെ ഡ്രൈവർ ബാബുവിന് ബസ് മുന്നോട്ടെടുക്കുന്നതിനിടെ ബോധക്ഷയമുണ്ടായെന്നാണ് വിവരം. നിയന്ത്രണം വിട്ട ബസ് റോഡരികിലൂടെ നടന്നുപോയ സിന്ധുവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
തുടർന്ന് നിയന്ത്രണം വിട്ട ബസ് ഓട്ടോ സ്റ്റാൻഡിലൂടെ പാഞ്ഞുപോയി സമീപത്തെ ചായക്കടയുടെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചാണ് നിന്നത്.

മകളെ സുരക്ഷിതമായി ബസിൽ കയറ്റിവിടാൻ പോയ അമ്മയുടെ ജീവനാണ് നിമിഷങ്ങൾക്കകം ദാരുണമായി പൊലിഞ്ഞത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply