
മലപ്പുറം പാണക്കാട്–വേങ്ങര റോഡിലുണ്ടായ കനത്ത മണ്ണിടിച്ചിലിന് കാരണം അനധികൃതമായി പാറ പൊട്ടിച്ചതാണെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രദേശത്ത് അനുമതിയില്ലാതെ നടത്തിയ സ്ഫോടനങ്ങളാണ് കുന്നിൻചെരിവ് ഇടിഞ്ഞുവീഴാൻ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

പെട്രോൾ പമ്പ് നിർമാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനാണ് ബന്ധപ്പെട്ടവർക്ക് നഗരസഭ അനുമതി നൽകിയിരുന്നത്. എന്നാൽ ഈ അനുമതിയുടെ മറവിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് ശക്തമായ സ്ഫോടനങ്ങൾ നടന്നിരുന്നതായും നാട്ടുകാർ പറയുന്നു.
സ്ഫോടനങ്ങളുടെ പ്രകമ്പനം കുന്നിൻചെരുവിന്റെ ഘടനയെ ബാധിക്കുകയും തുടർന്ന് വൻതോതിൽ മണ്ണും പാറയും താഴേക്ക് പതിക്കുകയുമായിരുന്നു എന്നാണ് വിലയിരുത്തൽ.
അനധികൃത ഖനനം തടയുന്നതിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തിൽ ജിയോളജിസ്റ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ജില്ലയിൽ അനധികൃത ഖനന പ്രവർത്തനങ്ങൾ കണ്ടെത്തി തടയുന്നതിനായി പ്രത്യേക സ്ക്വാഡിനും രൂപം നൽകിയിട്ടുണ്ട്.
അപകടമുണ്ടായ പാണക്കാട് പ്രദേശത്ത് ഇനി ഒരു തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത പാറപൊട്ടിക്കലും ഖനനവും തടയുന്നതിനുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.