You are currently viewing പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി

പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി

പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. യുഡിഎഫ് (കോൺഗ്രസ്) കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് (സിപിഎം) അംഗങ്ങൾ പിന്തുണച്ചതോടെയാണ് ബിജെപി പ്രതിനിധിയായ പ്രസിഡന്റ് വി.ബി. പ്രസാദിന് സ്ഥാനമൊഴിയേണ്ടിവന്നത്.

6നെതിരെ 8 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. ആകെ 14 വാർഡുകളുള്ള പഞ്ചായത്തിൽ യുഡിഎഫിനും എൻഡിഎയ്ക്കും ആറ് അംഗങ്ങൾ വീതവും എൽഡിഎഫിന് രണ്ട് അംഗങ്ങളുമാണുള്ളത്. എൽഡിഎഫിന്റെ രണ്ട് അംഗങ്ങൾ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ് ബിജെപി ഭരണത്തിന് തിരിച്ചടിയായത്.

പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടുന്നതുവരെ നിലവിലെ വൈസ് പ്രസിഡന്റും കോൺഗ്രസ് അംഗവുമായ ജെസി മാത്യുവിനാണ് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിട്ടുനിന്നതിനെ തുടർന്ന് യുഡിഎഫിനും ബിജെപിക്കും ആറ് വോട്ടുകൾ വീതമാണ് ലഭിച്ചത്. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ബിജെപി പ്രതിനിധി പ്രസിഡന്റ് സ്ഥാനത്തെത്തിയത്. കോൺഗ്രസ് അംഗത്തിനായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനം.

ഇത്തവണ എൽഡിഎഫിന്റെ നിലപാട് ബിജെപി ഭരണത്തിന് നിർണായക തിരിച്ചടിയായി. അവിശ്വാസ പ്രമേയം പാസായതോടെ പഞ്ചായത്തിൽ പുതിയ രാഷ്ട്രീയ സമവാക്യത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്.

15 ദിവസത്തിന് ശേഷം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കും. പുതിയ ഭരണസമിതി രൂപീകരണത്തിൽ എൽഡിഎഫിന്റെ രണ്ട് അംഗങ്ങളുടെ നിലപാട് നിർണായകമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

Leave a Reply