
കോഴിക്കോട്: കൊയിലാണ്ടി, പേരാമ്പ്ര നിയോജകമണ്ഡലങ്ങളുടെ പരിധിയിലുള്ള അകലാപ്പുഴയെ സംസ്ഥാനത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷൻ കേന്ദ്രമായി വികസിപ്പിക്കുമെന്ന് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. അകലാപ്പുഴ വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

അകലാപ്പുഴയെ സമഗ്രമായ ടൂറിസം സൗഹൃദ മേഖലയാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അധികം അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും അവയെ പുനരാവിഷ്കരിച്ച് ടൂറിസം ഭൂപടത്തിൽ ഇടംനേടിക്കുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക തനിമയും സംസ്കാരവും ഭക്ഷണരീതികളും തൊഴിൽ വൈദഗ്ധ്യവും ഉൾപ്പെടെയുള്ള പ്രത്യേകതകൾ വിനോദസഞ്ചാരികൾക്ക് നേരിട്ട് അനുഭവിക്കാൻ അവസരമൊരുക്കുന്ന ‘എക്സ്പീരിയൻഷ്യൽ ടൂറിസം’ പദ്ധതിക്ക് സർക്കാർ പ്രാധാന്യം നൽകുകയാണെന്നും മന്ത്രി പറഞ്ഞു.
അകലാപ്പുഴ സന്ദർശനത്തിൽ എം.എൽ.എമാരായ അഡ്വ. കെ. പ്രവീൺകുമാർ, അഡ്വ. ഫാത്തിമ തഹ്ലിയ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രദേശത്തിന്റെ ടൂറിസം വികസന സാധ്യതകൾ സംബന്ധിച്ചും സന്ദർശനത്തിനിടെ ചർച്ച നടന്നു.