You are currently viewing കോഴിക്കോട്–ബെംഗളൂരു  കെഎസ്ആർടിസി ബസ് മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു; നാല് യാത്രക്കാരുടെ നില ഗുരുതരം

കോഴിക്കോട്–ബെംഗളൂരു കെഎസ്ആർടിസി ബസ് മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു; നാല് യാത്രക്കാരുടെ നില ഗുരുതരം

  • Post author:
  • Post comments:0 Comments

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കേരള കെഎസ്ആർടിസി ബസ് രാമനഗരയിലെ ബിഡതിയിൽ അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ശനിയാഴ്ച രാവിലെ 6.40ഓടെയായിരുന്നു അപകടം.

കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ സൂചനാ ബോർഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് സാരമായ തകരാർ സംഭവിച്ചു.

ബസ് കണ്ടക്ടർ എൻ. എം. അരുൺ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ബിജിലേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ബിഡതി കെമ്പണ്ണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ നാല് യാത്രക്കാരുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

അപകടമുണ്ടായ ഉടൻ സ്ഥലത്തുണ്ടായിരുന്ന പ്രാദേശികവാസികളും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.

അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് എക്സ്പ്രസ് ഹൈവേയിൽ ഗതാഗത തടസ്സവും നേരിട്ടു.

Leave a Reply