
തമിഴ്നാട്ടിലും പുതുച്ചേരിയിലും നടത്തുന്ന രണ്ടുദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവണ്ണാമലൈയിലെ അരുണാചലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ചരിത്രപ്രസിദ്ധമായ ക്ഷേത്രത്തിലെ ആടിപ്പൂരം ബ്രഹ്മോത്സവാഘോഷങ്ങളിലും അദ്ദേഹം പങ്കെടുത്തു.

തിരുവണ്ണാമലൈയിലെത്തിയ അമിത് ഷാ ആദ്യം ശ്രീ രമണ മഹർഷി ആശ്രമം സന്ദർശിച്ചു. തുടർന്ന് അരുള്‍മിഗു അരുണാചലേശ്വര ക്ഷേത്രത്തിലെത്തി പ്രത്യേക അഭിഷേകത്തിൽ പങ്കെടുത്തു. ശിവന് സമർപ്പിച്ച പഞ്ചഭൂതസ്ഥലങ്ങളിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് അരുണാചലേശ്വര ക്ഷേത്രം.
ക്ഷേത്രദർശനത്തിനിടെ ഭക്തരുമായി അമിത് ഷാ സംവദിക്കുകയും വഴിയരികിൽ കാത്തുനിന്ന അഭ്യുദയകാംക്ഷികളിൽ നിന്ന് ചെറിയ സമ്മാനങ്ങൾ സ്വീകരിക്കുകയും ചെയ്തു. രാജ്യത്തെ എല്ലാ പൗരന്മാർക്കും സന്തോഷവും ഐശ്വര്യവും ലഭിക്കണമെന്നായിരുന്നു മഹാദേവനോട് നടത്തിയ പ്രാർഥനയെന്ന് അമിത് ഷാ പറഞ്ഞു.
അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തിരുവണ്ണാമലയിൽ ഒരുക്കിയത്. ഏകദേശം 1,500 പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. ക്ഷേത്രപരിസരത്തും പ്രധാന ഗതാഗതപാതകളിലും ഡ്രോൺ പറത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.