
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിൽ വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഐഎഎസ് നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

മട വീണും ബണ്ട് കവിഞ്ഞും വെള്ളം കയറിയതിനെ തുടർന്ന് ഇരു പഞ്ചായത്തുകളിലെയും പാടശേഖരങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച കളക്ടർ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നാട്ടുകാരുമായും സ്ഥിതിഗതികൾ ചർച്ച ചെയ്ത് വിവരങ്ങൾ ശേഖരിച്ചു.
വെള്ളപ്പൊക്കത്തിൽ കൃഷിയിടങ്ങൾക്കും മറ്റ് മേഖലകൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങളും അധികൃതർ വിലയിരുത്തി. ദുരിതബാധിതർക്ക് നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾക്ക് ജില്ലാ കളക്ടർ കർശന നിർദേശം നൽകിയതായി എംഎൽഎ അറിയിച്ചു.
നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ശേഖരിച്ച് ആവശ്യമായ തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.