മൈസൂർ–ബെംഗളൂരു ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കെഎസ്ആർടിസി കോഴിക്കോട് യൂണിറ്റിലെ ഡ്രൈവർ കെ. മിഥിലേഷിന്റെയും കണ്ടക്ടർ എൻ. എം. അരുണിന്റെയും വീടുകൾ ഗതാഗത വകുപ്പ് മന്ത്രിയും കെഎസ്ആർടിസി സിഎംഡിയും സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി, കുടുംബങ്ങൾക്ക് ആവശ്യമായ തുടർ സഹായങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അറിയിച്ചു.

അപകടവിവരം ലഭിച്ചയുടൻ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസുമായും കർണാടക ഗതാഗത മന്ത്രിയുമായും ഗതാഗത വകുപ്പ് മന്ത്രി ബന്ധപ്പെട്ടിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരം കെഎസ്ആർടിസി അധികൃതർ കർണാടക സർക്കാരുമായും വിവിധ വകുപ്പുകളുമായും നിരന്തരം ആശയവിനിമയം നടത്തി രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും ഏകോപിപ്പിച്ചു.

അപകടത്തിൽ പരിക്കേറ്റ യാത്രക്കാരുടെയും കെഎസ്ആർടിസി ജീവനക്കാരുടെയും ചികിത്സാ പുരോഗതി വിലയിരുത്തുന്നതിനായി കെഎസ്ആർടിസിയുടെ പ്രത്യേക സംഘം ആശുപത്രികളിൽ പ്രവർത്തിക്കുന്നുണ്ട്. പരിക്കേറ്റ എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ചികിത്സയുമായി ബന്ധപ്പെട്ട നിലവിലെ ക്രമീകരണങ്ങളുടെ ചെലവുകൾ ഉൾപ്പെടെ കെഎസ്ആർടിസിയുടെ നേതൃത്വത്തിലാണ് വഹിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിലും പരിക്കേറ്റവരുടെ അടിയന്തര ചികിത്സയിലും തുടർനടപടികളിലും ആത്മാർഥമായി സഹകരിച്ച കർണാടക സർക്കാർ, കർണാടക ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥർ, എംപിമാർ, എംഎൽഎമാർ, കെഎസ്ആർടിസി ജീവനക്കാർ, സന്നദ്ധ സംഘടനകൾ എന്നിവർക്ക് കെഎസ്ആർടിസി നന്ദി അറിയിച്ചു.
പരിക്കേറ്റവർ എത്രയും വേഗം പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി.