ദമാസ്കസ്: മുൻ സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന് വധശിക്ഷ വിധിച്ച് സിറിയൻ കോടതി. മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ, ആസൂത്രിത കൊലപാതകം, പീഡനം, അനധികൃത തടങ്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ദമാസ്കസിലെ നാലാം ക്രിമിനൽ കോടതി അസദിനെ വിചാരണയ്ക്ക് ഹാജരാകാതെയായി (in absentia) വധശിക്ഷയ്ക്ക് വിധിച്ചത്.

അസദിന്റെ സഹോദരൻ മഹർ അൽ അസദിനും ബന്ധുവും മുൻ സുരക്ഷാ ഉദ്യോഗസ്ഥനുമായ ആതിഫ് നജീബിനും സമാന കുറ്റങ്ങൾ ചുമത്തി വധശിക്ഷ വിധിച്ചു. അസദും മഹറും ഹാജരാകാതെയാണ് വിചാരണ നടന്നത്. അതേസമയം, ആതിഫ് നജീബ് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. 2011ൽ ദറായിലെ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് നജീബ്.

സിറിയയിലെ ഏകദേശം 14 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിനിടെ നടന്ന ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് വിധി. യുദ്ധത്തിൽ ഏകദേശം അഞ്ച് ലക്ഷം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അസദിനും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുള്ള പുതിയ സിറിയൻ ഭരണകൂടത്തിന്റെ ആദ്യ പ്രധാന നിയമനടപടികളിലൊന്നാണ് വിധി.
2024 ഡിസംബറിൽ വിമതസേന ദമാസ്കസ് പിടിച്ചെടുത്തതിനെത്തുടർന്നാണ് അസദിന്റെ 24 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചത്. കുടുംബത്തിന്റെ അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഭരണവും ഇതോടെ അവസാനിച്ചു. അസദ് റഷ്യയിലേക്ക് പലായനം ചെയ്യുകയും അവിടെ അഭയം ലഭിക്കുകയും ചെയ്തു. നിലവിൽ റഷ്യയിൽ കഴിയുന്ന അസദിനെ സിറിയയിലേക്ക് തിരിച്ചെത്തിച്ച് നിയമനടപടികൾ നേരിടിക്കാനുള്ള ശ്രമങ്ങളാണ് പുതിയ ഭരണകൂടം നടത്തുന്നത്.
എന്നാൽ അസദ് റഷ്യയിൽ തുടരുന്നതിനാൽ വധശിക്ഷ നടപ്പാക്കുന്നത് പ്രായോഗികമായി ഏറെ സങ്കീർണമാണെന്നാണ് വിലയിരുത്തൽ. അദ്ദേഹത്തെ സിറിയയ്ക്ക് കൈമാറാൻ റഷ്യ തയ്യാറാകുമോ എന്നതും നിർണായകമാണ്. അന്താരാഷ്ട്ര തലത്തിൽ ഉത്തരവാദിത്തം ഉറപ്പാക്കാനുള്ള സിറിയയുടെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ വിധിയെ കാണുന്നത്.