ബെയ്‌റൂത്ത്: വധശിക്ഷ പൂർണമായി റദ്ദാക്കി ലെബനൻ. ഓഗസ്റ്റ് 11ന് ചേർന്ന പാർലമെന്റ് സമ്മേളനത്തിലാണ് വധശിക്ഷയ്ക്ക് പകരം കഠിനതൊഴിൽ ഉൾപ്പെടെയുള്ള ജീവപര്യന്തം തടവ് ശിക്ഷയാക്കുന്ന നിയമഭേദഗതി ഭൂരിപക്ഷത്തോടെ പാസാക്കിയത്. ഇതോടെ വധശിക്ഷ നിയമപരമായി പൂർണമായി ഒഴിവാക്കുന്ന ആദ്യ അറബ് രാജ്യമായി ലെബനൻ മാറി.

128 അംഗ പാർലമെന്റിൽ ഭൂരിപക്ഷം അംഗങ്ങളും നിയമഭേദഗതിയെ പിന്തുണച്ചു. എന്നാൽ ഹിസ്ബുല്ലയുടെ പാർലമെന്ററി ബ്ലോക്ക് ഭേദഗതിയെ എതിർത്തു. തീരുമാനം ചരിത്രപരമായ ചുവടുവയ്പാണെന്ന് ലെബനൻ നീതിന്യായ മന്ത്രി അദൽ നാസർ പ്രതികരിച്ചു.

2004 ജനുവരി മുതൽ ലെബനനിൽ വധശിക്ഷ നടപ്പാക്കുന്നതിന് അനൗദ്യോഗിക വിലക്ക് നിലവിലുണ്ടായിരുന്നു. ഈ കാലയളവിൽ നിരവധി പേർക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും അവ നടപ്പാക്കിയിരുന്നില്ല; പിന്നീട് പല ശിക്ഷകളും സസ്പെൻഡ് ചെയ്യുകയോ ഇളവ് നൽകുകയോ ചെയ്തു. പുതിയ നിയമം ഇതോടെ വധശിക്ഷയ്ക്കുള്ള നിയമപരമായ സാധ്യതയും അവസാനിപ്പിക്കുന്നു.
വധശിക്ഷ നിർത്തലാക്കാനുള്ള തീരുമാനത്തെ മനുഷ്യാവകാശ സംഘടനകളും സ്വാഗതം ചെയ്തു. വധശിക്ഷ പൂർണമായി ഒഴിവാക്കണമെന്ന ആവശ്യം വർഷങ്ങളായി ലെബനനിൽ ഉയർന്നുവരികയായിരുന്നു. നിയമപരമായ വധശിക്ഷാ വ്യവസ്ഥ നിലനിന്നിരുന്നെങ്കിലും വർഷങ്ങളായി അത് നടപ്പാക്കാത്ത സാഹചര്യം ഔദ്യോഗികമായി അവസാനിപ്പിച്ച് പുതിയ നിയമം പ്രാബല്യത്തിലാക്കുകയാണ് പാർലമെന്റിന്റെ നടപടി.
മനുഷ്യാവകാശ രംഗത്ത് നിർണായകമായ പരിഷ്കാരമായാണ് തീരുമാനത്തെ വിലയിരുത്തുന്നത്. വധശിക്ഷയ്ക്ക് പകരം ജീവപര്യന്തം തടവും കഠിനതൊഴിലും ഏർപ്പെടുത്തുന്നതിലൂടെ ശിക്ഷാ സംവിധാനത്തിൽ വലിയ മാറ്റത്തിനാണ് ലെബനൻ തുടക്കമിട്ടിരിക്കുന്നത്.