You are currently viewing ഇരിങ്ങാലക്കുട കെഎസ്ആർടിസി സ്റ്റാൻഡിൽ കൂടുതൽ ജീവനക്കാർ; രണ്ട് പുതിയ സർവീസുകൾക്ക് തീരുമാനം

ഇരിങ്ങാലക്കുട കെഎസ്ആർടിസി സ്റ്റാൻഡിൽ കൂടുതൽ ജീവനക്കാർ; രണ്ട് പുതിയ സർവീസുകൾക്ക് തീരുമാനം

ഇരിങ്ങാലക്കുട: കെഎസ്ആർടിസി എംഡിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി ഇരിങ്ങാലക്കുട കെഎസ്ആർടിസി സ്റ്റാൻഡുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്തതായി ഇരിങ്ങാലക്കുട എംഎൽഎ തോമസ് ഉണ്ണിയാടൻ അറിയിച്ചു.

യാത്രക്കാരും ജീവനക്കാരും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ച് കെഎസ്ആർടിസി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടതായി എംഎൽഎ പറഞ്ഞു.

ഇരിങ്ങാലക്കുട കെഎസ്ആർടിസിയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾക്ക് അംഗീകാരം ലഭിച്ചു. രണ്ട് സ്റ്റേഷൻ മാസ്റ്റർമാരെ നിയമിക്കാനും തീരുമാനമായി. കൂടാതെ, യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി രണ്ട് പുതിയ ബസ് സർവീസുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഇരിങ്ങാലക്കുട കെഎസ്ആർടിസി സബ്ഡിപ്പോ യാഥാർഥ്യമാക്കുന്നതിനുള്ള തുടർനടപടികൾ മുന്നോട്ടുകൊണ്ടുപോകാനും യോഗത്തിൽ തീരുമാനമായി.

ഇരിങ്ങാലക്കുടയുടെ ഗതാഗത മേഖല കൂടുതൽ ശക്തിപ്പെടുത്തുകയും ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് തോമസ് ഉണ്ണിയാടൻ പറഞ്ഞു.

Leave a Reply