കാസർകോട്: ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ആരോഗ്യ സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 92 അസിസ്റ്റന്റ് സർജൻമാരെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത് കാസർകോടിന് വലിയ ആശ്വാസമാകുമെന്ന് കാസർകോട് എംഎൽഎ കല്ലട്ര മാഹിൻ പറഞ്ഞു. ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

കാസർകോടിന്റെ സമഗ്ര ആരോഗ്യ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരനുമായി നേരിട്ട് ചർച്ച ചെയ്തിരുന്നുവെന്നും എംഎൽഎ വ്യക്തമാക്കി. ഈ കൂടിക്കാഴ്ചയുടെയും തുടർ ഇടപെടലുകളുടെയും ഭാഗമായി ജില്ലയിലെ ഡോക്ടർമാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിക്കാനും തീരുമാനമായതായി അദ്ദേഹം അറിയിച്ചു.
ആരോഗ്യ പ്രവർത്തകർ കാസർകോട് ജില്ല വിട്ടുപോകുന്ന ദീർഘകാല പ്രവണതയ്ക്ക് പരിഹാരം കാണാനും സേവന തൽപരരായ മികച്ച ഡോക്ടർമാരെ ജില്ലയിൽ നിലനിർത്താനും പ്രത്യേക ആനുകൂല്യങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.

കർണാടക, തമിഴ്നാട് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്ന് മെഡിക്കൽ പഠനവും പ്രവൃത്തിപരിചയവും പൂർത്തിയാക്കി കാസർകോട്ടേക്ക് എത്തുന്ന ഡോക്ടർമാർക്ക് കേരളത്തിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനൽകിയതായി എംഎൽഎ പറഞ്ഞു.
പുതിയ നിയമനങ്ങളും മറ്റ് നടപടികളും വഴി സാധാരണക്കാരായ കാസർകോടുകാർ ആശ്രയിക്കുന്ന പൊതുജനാരോഗ്യ സംവിധാനത്തിന് പുതിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ജില്ലയിലെ വികസനത്തിനുമായി സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് കാസർകോട് ജനതയുടെ പേരിൽ നന്ദി അറിയിക്കുന്നതായും കല്ലട്ര മാഹിൻ പറഞ്ഞു.