
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് പരിഹാരം കാണുന്നതിനായി 11 കെവി വൈദ്യുതി ലൈനുകൾ അണ്ടർഗ്രൗണ്ട് കേബിളുകളിലേക്ക് മാറ്റുന്ന പദ്ധതിക്ക് തുടക്കമാകുന്നു. കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ. ബേബി വൈദ്യുതി വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എംഎൽഎ അറിയിച്ചു.

പദ്ധതിക്കാവശ്യമായ അണ്ടർഗ്രൗണ്ട് കേബിളുകൾ രാജസ്ഥാനിൽ നിന്ന് ഇന്ന് രാവിലെ കാഞ്ഞിരപ്പള്ളി സബ്സ്റ്റേഷനിൽ എത്തി. യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ കാഞ്ഞിരപ്പള്ളി സബ്സ്റ്റേഷൻ മുതൽ ജനറൽ ആശുപത്രി പടി വരെയുള്ള റോഡിന്റെ ഭാഗങ്ങളിലാണ് അണ്ടർഗ്രൗണ്ട് കേബിളുകൾ സ്ഥാപിക്കുക. വൈദ്യുതി ലൈനുകളിലെ തകരാറുകളും പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടാകുന്ന തടസ്സങ്ങളും കുറയ്ക്കുന്നതിനും മേഖലയിലെ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.