You are currently viewing ഒരാഴ്ചയ്ക്കുള്ളിൽ റോഡിലെ പാറ പൊട്ടിച്ചുമാറ്റും; കളക്ടറുടെ ഉത്തരവ്

ഒരാഴ്ചയ്ക്കുള്ളിൽ റോഡിലെ പാറ പൊട്ടിച്ചുമാറ്റും; കളക്ടറുടെ ഉത്തരവ്

ഇടുക്കി: തോക്കുമ്പൻ സാഡിൽ റോഡിൽ വീണുകിടക്കുന്ന കൂറ്റൻ പാറ ഒരാഴ്ചയ്ക്കുള്ളിൽ പൊട്ടിച്ചുമാറ്റാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. റോഡിലെ ഗതാഗതത്തിനും യാത്രക്കാർക്കും അപകടഭീഷണി സൃഷ്ടിക്കുന്ന പാറ നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി.

നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 30-ന് ഇടുക്കി എംഎൽഎ അപു ജോൺ ജോസഫ് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് അടിയന്തര നടപടി സ്വീകരിച്ച ജില്ലാ ഭരണകൂടം, അടുത്ത ദിവസം തന്നെ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറെ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിക്കാൻ നിയോഗിച്ചു.

ഡെപ്യൂട്ടി കളക്ടർ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഓഗസ്റ്റ് 31-ന് വൈകിട്ടുതന്നെ പാറ പൊട്ടിച്ചുമാറ്റുന്നതിനുള്ള ഉത്തരവ് ജില്ലാ കളക്ടർ പുറപ്പെടുവിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ പാറ നീക്കം ചെയ്ത് റോഡ് സുരക്ഷിതമാക്കണമെന്നാണ് നിർദേശം.

അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിച്ച ജില്ലാ ഭരണകൂടത്തെ എംഎൽഎ അഭിനന്ദിച്ചു. അപകടസാധ്യത ഒഴിവാക്കുന്നതിനായി പാറ എത്രയും വേഗം നീക്കം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

Leave a Reply