
മുംബൈ: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. നാല് കേസുകളിലായി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്. പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന് 5.30 കോടി രൂപ പലിശസഹിതം നൽകാനും കോടതി ഉത്തരവിട്ടു.

കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്നും പിന്നീട് തുക തിരിച്ചുനൽകുന്നതിനായി നൽകിയ ചെക്കുകൾ പണമില്ലാത്തതിനാൽ മടങ്ങിയെന്നുമാണ് ദിനേശ് മേനോന്റെ പരാതി. 2015 മുതൽ തുടരുന്ന നിയമനടപടികൾക്കൊടുവിലാണ് കേസിൽ ഇപ്പോൾ വിധിയുണ്ടായത്.
കോടതി നിർദേശിച്ച തുക ഒരു മാസത്തിനകം പരാതിക്കാരന് നൽകണം. തുക സമയപരിധിക്കുള്ളിൽ നൽകാത്തപക്ഷം അധിക തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
വിധി പ്രസ്താവിക്കുന്ന സമയത്ത് മാണി സി. കാപ്പൻ കോടതിയിൽ ഹാജരായിരുന്നില്ല. ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ കോടതി തള്ളുകയും ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.
അതേസമയം, വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്ന് മാണി സി. കാപ്പൻ പ്രതികരിച്ചു. തന്റെ ഭാഗം കേൾക്കാതെയാണ് കോടതി വിധി പ്രസ്താവിച്ചതെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തനിക്ക് ലഭിക്കാനിരിക്കുന്ന സ്ഥാനങ്ങൾ തടയുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും കാപ്പൻ പറഞ്ഞു.
ഒരു വർഷത്തെ തടവാണ് കോടതി വിധിച്ചിരിക്കുന്നത്. നിലവിലെ നിയമവ്യവസ്ഥ പ്രകാരം രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കുന്ന സാഹചര്യത്തിലാണ് ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യതയ്ക്ക് സാധ്യതയുള്ളത്. അതിനാൽ, നിലവിലെ വിധി മാണി സി. കാപ്പന്റെ എംഎൽഎ സ്ഥാനത്തിന് ഉടനടി അയോഗ്യത വരുത്തില്ല.