
ചെന്നൈ: തമിഴ്നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം സെപ്റ്റംബർ 1 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. ഹിന്ദു മത-ധർമ്മകാര്യ വകുപ്പിന്റെ (HR&CE) നേതൃത്വത്തിലാണ് നിയന്ത്രണം നടപ്പാക്കുന്നത്. ക്ഷേത്രങ്ങളുടെ പവിത്രത, ആചാരപരമായ അന്തരീക്ഷം, സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ക്ഷേത്രത്തിനുള്ളിൽ സെൽഫി എടുക്കൽ, സോഷ്യൽ മീഡിയ റീലുകൾ ചിത്രീകരിക്കൽ, അനുമതിയില്ലാതെ ഫോട്ടോ, വീഡിയോ എന്നിവ പകർത്തുന്നത് തടയുകയാണ് നിയന്ത്രണത്തിന്റെ പ്രധാന ലക്ഷ്യം. സാധാരണ ഭക്തർക്ക് പുറമെ വി.ഐ.പികൾ, രാഷ്ട്രീയ നേതാക്കൾ, സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള എല്ലാവർക്കും നിയന്ത്രണം ബാധകമായിരിക്കും.
മൊബൈൽ ഫോണുകൾ ക്ഷേത്രപ്രവേശന കവാടങ്ങളിലെ പ്രത്യേക സുരക്ഷാ കൗണ്ടറുകളിൽ ഏൽപ്പിക്കണം. ഓരോ ഫോണിനും 5 രൂപയാണ് ടോക്കൺ നിരക്ക്. ഫോൺ ഏൽപ്പിക്കുമ്പോൾ ഭക്തന്റെ ഫോട്ടോ, ഫോൺ മോഡൽ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി രസീത് നൽകും. ദർശനം പൂർത്തിയാക്കിയ ശേഷം രസീത് കാണിച്ച് ഫോൺ തിരികെ വാങ്ങാം.
കാഞ്ചീപുരത്തെ ദേവരാജസ്വാമി–അത്തി വരദർ ക്ഷേത്രം, ശ്രീരംഗം, തിരുത്തണി മുരുകൻ ക്ഷേത്രം, വടപളനി, തിരുപ്പരങ്കുന്ദ്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളാണ് പുതിയ നിയന്ത്രണത്തിന്റെ പരിധിയിൽ വരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകരെ സഹായിക്കുന്നതിനായി വിവിധ ഭാഷകളിലുള്ള അറിയിപ്പ് ബോർഡുകളും ക്ഷേത്രങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, മധുര മീനാക്ഷി ക്ഷേത്രത്തിലും പഴനി മുരുകൻ ക്ഷേത്രത്തിലും മൊബൈൽ ഫോൺ നിയന്ത്രണം നേരത്തെ തന്നെ കർശനമായി നടപ്പാക്കിയിരുന്നു. ക്ഷേത്രദർശനത്തിന് എത്തുന്നവർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് ഒഴിവാക്കുകയോ, ക്ഷേത്രത്തിലെ നിക്ഷേപ/ലോക്കർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രാദേശിക നിർദേശങ്ങൾ മുൻകൂട്ടി പരിശോധിക്കുകയോ ചെയ്യണമെന്ന് അധികൃതർ നിർദേശിക്കുന്നു.