You are currently viewing കൈപ്പമംഗലം അപകടം: ദേശീയപാത 66-ൽ സമഗ്ര സുരക്ഷാ പരിശോധന വേണം; കേന്ദ്രത്തോട് മുഖ്യമന്ത്രി വി.ഡി. സതീശൻ

കൈപ്പമംഗലം അപകടം: ദേശീയപാത 66-ൽ സമഗ്ര സുരക്ഷാ പരിശോധന വേണം; കേന്ദ്രത്തോട് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: തൃശൂർ കൈപ്പമംഗലത്ത് ദേശീയപാത 66 നിർമാണ മേഖലയിലുണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ മുഴുവൻ നിർമാണത്തിലിരിക്കുന്ന ദേശീയപാത 66 ഭാഗങ്ങളിലും സമഗ്ര സുരക്ഷാ പരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടു.

എട്ട് യുവജീവനുകൾ നഷ്ടപ്പെട്ടത് കുടുംബങ്ങൾക്ക് താങ്ങാനാകാത്ത ദുരന്തമാണെന്നും ദേശീയപാത നിർമാണത്തിന്റെയും പരിപാലനത്തിന്റെയും ചുമതലയുള്ള ഏജൻസികളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും സെപ്റ്റംബർ ആറിന് അയച്ച കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയപാത 66-ന്റെ വീതി കൂട്ടൽ ഉൾപ്പെടെയുള്ള നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ ആയിരക്കണക്കിന് ആളുകളാണ് ദിവസേന താൽക്കാലിക വഴിതിരിച്ചുവിടലുകളിലൂടെയും ഇടുങ്ങിയ പാതകളിലൂടെയും നിർമാണ മേഖലകളിലൂടെയും യാത്ര ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള ഗതാഗത നിയന്ത്രണവും റോഡ് സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് സതീശൻ പറഞ്ഞു.

കൈപ്പമംഗലത്തെ അപകടം ഒറ്റപ്പെട്ട സംഭവമായി കാണാതെ ദേശീയപാത 66-ന്റെ മുഴുവൻ നിർമാണ മേഖലകളിലെയും സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനുള്ള അവസരമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) നേതൃത്വത്തിൽ അടിയന്തരവും സ്വതന്ത്രവും സമഗ്രവുമായ സുരക്ഷാ പരിശോധന നടത്താൻ നിർദേശം നൽകണമെന്ന് കേന്ദ്രമന്ത്രിയോട് അഭ്യർഥിച്ചു.

താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകളുടെ സുരക്ഷ, റോഡ് ലൈറ്റിങ്, മുന്നറിയിപ്പ് ബോർഡുകൾ, റിഫ്ലക്ടീവ് മാർക്കിങ്ങുകൾ, ബാരിക്കേഡുകൾ, ഡിലിനേറ്ററുകൾ, ക്രാഷ് ബാരിയറുകൾ തുടങ്ങിയവ പരിശോധനയിൽ ഉൾപ്പെടുത്തണമെന്ന് കത്തിൽ പറയുന്നു. പ്രത്യേകിച്ച് വാഹനങ്ങൾ യഥാർഥ പാതയിൽ നിന്ന് മാറുന്ന സ്ഥലങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പര്യാപ്തമാണോയെന്നും പരിശോധിക്കണം.

നിർമാണ മേഖലകളിൽ നിർമാണ വാഹനങ്ങളും ഭാരവാഹനങ്ങളും പാർക്ക് ചെയ്യുന്നതും നിയന്ത്രിക്കുന്നതും സംബന്ധിച്ച സംവിധാനങ്ങളും പരിശോധിക്കണം. അപകടകരമോ അനധികൃതമോ ആയ പാർക്കിങ് തടയാൻ ആവശ്യമായ സംവിധാനങ്ങൾ നിലവിലുണ്ടോയെന്നും വിലയിരുത്തണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

എൻ‌എച്ച്‌എ‌ഐ നിർദേശിച്ച സുരക്ഷാ വ്യവസ്ഥകളും ട്രാഫിക് മാനേജ്മെന്റ് പദ്ധതികളും കരാറുകാരും കൺസഷൻ ഉടമകളും കർശനമായി പാലിക്കുന്നുണ്ടോ, ബന്ധപ്പെട്ട അധികൃതരുടെ മേൽനോട്ടവും നിരീക്ഷണവും ഫലപ്രദമാണോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ദേശീയപാത 66 നിർമാണത്തിന്റെ മുഴുവൻ ഭാഗങ്ങളിലും സമഗ്രവും സ്വതന്ത്രവും സമയബന്ധിതവുമായ സുരക്ഷാ പരിശോധന നടത്തി പോരായ്മകൾ കണ്ടെത്തുന്നിടത്തെല്ലാം അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിന് എൻ‌എച്ച്‌എ‌ഐ-ക്ക് നിർദേശം നൽകണമെന്നും വി.ഡി. സതീശൻ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

Leave a Reply