
തിരുവനന്തപുരം: ദേശീയപാതകളിലെ വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കാൻ സർക്കാർ. തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ അടുത്തിടെ ഉണ്ടായ ദാരുണ വാഹനാപകടങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

അപകടങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തര ഇടപെടലുകൾ ഉറപ്പാക്കുന്നതിനായി ഉന്നതതല യോഗം ചേർന്നു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അധികൃതർ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, ജില്ലാ കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ.

മൂന്ന് ദിവസത്തിനകം പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കും. അപകടങ്ങൾ പതിവാകുന്ന മേഖലകൾ പരിശോധിച്ച് കാരണങ്ങൾ വിലയിരുത്തുകയും അടിയന്തരമായി നടപ്പാക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ നിർദേശിക്കുകയും ചെയ്യുന്നതായിരിക്കും കമ്മിറ്റികളുടെ പ്രധാന ചുമതല.
എൻഎച്ച്-66 ഉൾപ്പെടെയുള്ള ദേശീയപാതകളിൽ നിർമാണം പുരോഗമിക്കുന്നതും പണി പൂർത്തിയായതുമായ മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ, ബാരിയറുകൾ, ലൈറ്റിങ് സംവിധാനങ്ങൾ, റിഫ്ലക്ടറുകൾ തുടങ്ങിയവ അടിയന്തരമായി സ്ഥാപിക്കും.
റോഡരികിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ ഇത്തരം പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
അപകടസാധ്യത കൂടുതലുള്ള ബ്ലാക്ക് സ്പോട്ടുകളിൽ ഹ്രസ്വകാല സുരക്ഷാ ക്രമീകരണങ്ങൾ 15 ദിവസത്തിനകം പൂർത്തിയാക്കാനും നിർദേശം നൽകി.
ദേശീയപാതകളിലെ സുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാനും യോഗത്തിൽ തീരുമാനിച്ചു. റോഡുകൾ സുരക്ഷിതമാക്കുക എന്നത് പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന മുൻഗണനയാണെന്നും അധികൃതർ വ്യക്തമാക്കി.