You are currently viewing റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അബ്കാരി കേസിൽ എക്സൈസ് അറസ്റ്റ് ചെയ്തു

റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അബ്കാരി കേസിൽ എക്സൈസ് അറസ്റ്റ് ചെയ്തു

കൊച്ചി — റിപ്പോർട്ടർ ടിവി ഉടമയും എംഡിയുമായ ആന്റോ അഗസ്റ്റിനെ അബ്കാരി കേസിൽ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തു. വയനാട് വാഴവറ്റയിലുള്ള ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് അളവിൽ കവിഞ്ഞ് 63 ലിറ്ററിലധികം വിദേശമദ്യം കണ്ടെടുത്തതിനെ തുടർന്നാണ് നടപടി.

ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം ആന്റോ അഗസ്റ്റിന്റെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴാണ് വൻ മദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് വിവരം എക്സൈസ് വകുപ്പിനെ അറിയിക്കുകയായിരുന്നു.

കൊച്ചിയിലെ റിപ്പോർട്ടർ ടിവി ആസ്ഥാനത്തുനിന്നാണ് എക്സൈസ് സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എഫ്ഐആർ കോപ്പി കാണിക്കാതെ അറസ്റ്റിന് വഴങ്ങില്ലെന്ന് ആന്റോ അഗസ്റ്റിൻ വാശിപിടിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ഓഫീസിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. ഒടുവിൽ എഫ്ഐആർ ഹാർഡ് കോപ്പി എത്തിച്ചു നൽകിയ ശേഷമാണ് അദ്ദേഹം അറസ്റ്റുമായി സഹകരിച്ചത്.

അബ്കാരി ആക്ട് 55(A), 58, 55(I) എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പെരുമ്പാവൂർ, കൽപ്പറ്റ എക്സൈസ് സംഘങ്ങൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അറസ്റ്റിനു ശേഷം ആലുവ ജില്ലാ ആശുപത്രിയിൽ ആന്റോ അഗസ്റ്റിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടർനടപടികൾക്കായി ഇദ്ദേഹത്തെ വയനാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply