
കൊല്ലം:സ്കൂൾ വിദ്യാർത്ഥിനികളെ ലക്ഷ്യമിട്ട് ആക്രമിക്കാൻ ശ്രമിച്ച കേസിൽ പുത്തൂർ സ്വദേശി ലിജോ ജോസഫ് (33) പോലീസ് പിടിയിലായി. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കഴിഞ്ഞ നാല് മാസത്തോളമായി സ്കൂൾ വിദ്യാർത്ഥിനികളെ ഭീതിയിലാഴ്ത്തിയ പ്രതിയെയാണ് പോലീസ് കണ്ടെത്തിയത്. ആലയ്ക്ക ജംഗ്ഷനിൽ ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ താമസിക്കുന്ന ലിജോ കോഴിത്തീറ്റ/കോഴിക്കട നടത്തിവരികയായിരുന്നു.

നീല നിറത്തിലുള്ള മാസ്ട്രോ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പ്രതി, ആളൊഴിഞ്ഞ ബൈറോഡുകളിലൂടെയും വിജനമായ പാതകളിലൂടെയും ഒറ്റയ്ക്ക് നടന്നുപോകുന്നതോ സൈക്കിളിൽ സഞ്ചരിക്കുന്നതോ ആയ സ്കൂൾ പെൺകുട്ടികളെയാണ് ലക്ഷ്യമിട്ടിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ ഹെൽമറ്റും മാസ്കും ധരിക്കുകയും, അന്വേഷണത്തെ വഴിതെറ്റിക്കാൻ സ്ത്രീകൾ ഉപയോഗിക്കുന്ന തരത്തിലുള്ള ചെരിപ്പുകൾ ധരിക്കുകയും ചെയ്തിരുന്നു. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റിൽ ചെളി പുരട്ടിയും ഭാഗികമായി തകർത്തും തിരിച്ചറിയൽ ഒഴിവാക്കാനും ഇയാൾ ശ്രമിച്ചിരുന്നു.

ആദ്യഘട്ടത്തിൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളില്ലാതെ അന്വേഷണം വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാൽ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ ധൈര്യത്തോടെ നേരിടുകയും പിടികൂടാൻ ശ്രമിക്കുകയും ചെയ്ത ഒരു വിദ്യാർത്ഥിനിയാണ് അന്വേഷണത്തിന് നിർണായക വഴിത്തിരിവായത്. ആ സമയത്ത് മാസ്ക് ധരിച്ചിരുന്നില്ലാത്ത പ്രതിയുടെ ശരീരഭാഷ ശ്രദ്ധിച്ച പെൺകുട്ടി, ഇയാൾക്ക് വെറ്റില മുറുക്കുന്ന ശീലമുണ്ടെന്ന നിർണായക വിവരം പോലീസിന് നൽകി.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണന്റെയും ശാസ്താംകോട്ട ഡിവൈഎസ്പി അലക്സാണ്ടർ തങ്കച്ചന്റെയും നേതൃത്വത്തിൽ പ്രത്യേകം രൂപീകരിച്ച ഡാൻസാഫ് സംഘമാണ് അന്വേഷണം നടത്തിയത്. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഏകദേശം 400 സിസിടിവി ദൃശ്യങ്ങൾ സംഘം പരിശോധിച്ചു. തുടർന്ന് വിവിധ ജില്ലകളിലെ നീല മാസ്ട്രോ സ്കൂട്ടറുകളുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനകൾക്കൊടുവിലാണ് പ്രതിയെ പോലീസ് വലയിലാക്കിയത്.
ഇയാൾക്കെതിരെ ശൂരനാട്, ഈസ്റ്റ് കല്ലട സ്റ്റേഷനുകളിൽ പോക്സോ നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ പേർ ഇരകളായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം തുടരുകയാണ്.