
വാഷിങ്ടൺ: സിഎൻഎൻ, എംഎസ് നൗ (മുൻ എംഎസ്എൻബിസി), പൊളിറ്റിക്കോ എന്നീ മാധ്യമ സ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസിൽ പ്രവേശന വിലക്ക് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെപ്റ്റംബർ 18ന് ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. സ്ഥാപനങ്ങളുടെ “തുടർച്ചയായ വ്യാജവാർത്താ റിപ്പോർട്ടിങ്” ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

“മാധ്യമ സ്ഥാപനങ്ങൾ പ്രസിഡന്റ്, ട്രംപ് ഭരണകൂടം, യുഎസ് എന്നിവയെക്കുറിച്ച് നിരന്തരം കെട്ടുകഥകളും നുണകളും റിപ്പോർട്ട് ചെയ്യാൻ പാടില്ല” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സമാനമായ നടപടി മറ്റ് മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും ഉണ്ടാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

വിലക്ക് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ചെങ്കിലും വെള്ളിയാഴ്ച വൈകിട്ടും സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയുടെ റിപ്പോർട്ടർമാർ വൈറ്റ് ഹൗസ് പരിസരത്ത് ജോലി ചെയ്യുകയായിരുന്നു. അവരുടെ പ്രവേശന പാസുകൾ റദ്ദാക്കിയതായോ റിപ്പോർട്ടർമാരെ പുറത്താക്കിയതായോ ഉടൻ സൂചനകളുണ്ടായില്ല. വിലക്ക് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിലും വൈറ്റ് ഹൗസ് വിശദീകരണം നൽകിയിട്ടില്ല.
ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ സിഎൻഎൻ ഭരണഘടന ഉറപ്പുനൽകുന്ന മാധ്യമസ്വാതന്ത്ര്യത്തിന്റെ ഭാഗമായി വൈറ്റ് ഹൗസിൽ റിപ്പോർട്ട് ചെയ്യാനുള്ള അവകാശം സംരക്ഷിക്കുമെന്ന് വ്യക്തമാക്കി. വിലക്ക് നടപ്പാക്കിയാൽ അത് ഭരണഘടനാപരമായ അവകാശങ്ങളുടെ നിയമവിരുദ്ധമായ ലംഘനമാകുമെന്ന് സിഎൻഎൻ പ്രതികരിച്ചു. പൊളിറ്റിക്കോയും തങ്ങളുടെ ഒന്നാം ഭേദഗതി അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായി രംഗത്തുണ്ടാകുമെന്ന് അറിയിച്ചു.
മാധ്യമ സ്ഥാപനങ്ങളുമായുള്ള ട്രംപിന്റെ ദീർഘകാല തർക്കം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതാണ് പ്രഖ്യാപനം. വൈറ്റ് ഹൗസ് പ്രവേശനം മാധ്യമങ്ങളുടെ റിപ്പോർട്ടിങ്ങിന്റെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രിക്കാമോ എന്നതിനെച്ചൊല്ലി നിയമപരമായ വെല്ലുവിളികൾ ഉയരാനുള്ള സാധ്യതയും ശക്തമാണ്.