You are currently viewing മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലത്തിന് റെയിൽവേ അംഗീകാരം; ഇനി ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക്

മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലത്തിന് റെയിൽവേ അംഗീകാരം; ഇനി ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക്

വടക്കാഞ്ചേരി മാരാത്തുകുന്ന് ലെവൽ ക്രോസിംഗ് നമ്പർ 7ന് പകരമായി നിർമിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് (GAD) റെയിൽവേ അംഗീകരിച്ചു. ദക്ഷിണ റെയിൽവേ ചീഫ് ബ്രിഡ്ജ് എഞ്ചിനീയർ GAD-യിൽ ഒപ്പുവെച്ചതോടെ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാനാകും. ഇക്കാര്യം വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റിലപ്പള്ളി അറിയിച്ചു.

‘ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളം’ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി–കരുമത്ര റോഡിൽ മേൽപ്പാലം നിർമിക്കുന്നതിന് നിർവഹണ ഏജൻസിയായി കെ-റെയിൽ കോർപ്പറേഷനെ ചുമതലപ്പെടുത്തി 2025 ഏപ്രിലിലാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. എറണാകുളം–ഷൊർണൂർ റെയിൽവേ സെക്ഷനിൽ നിർദേശിച്ചിരുന്ന മൂന്നും നാലും ട്രാക്കുകളുടെ അലൈൻമെന്റുമായി ബന്ധപ്പെട്ട് രൂപരേഖയ്ക്ക് റെയിൽവേ അനുമതി വൈകിയിരുന്നു. തുടർന്ന് 2025 ജൂലൈ 23ന് മാരാത്തുകുന്ന് മേൽപ്പാലത്തിന് പുതിയ ട്രാക്കുകളുമായി ബന്ധപ്പെട്ട ക്ലിയറൻസ് ലഭിച്ചു.

കെ-റെയിലിന്റെ നേതൃത്വത്തിൽ ടോപോഗ്രാഫിക് സർവേ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി തയ്യാറാക്കിയ GAD ആണ് ഇപ്പോൾ റെയിൽവേ അംഗീകരിച്ചത്. മാരാത്തുകുന്ന് റെയിൽവേ ഗേറ്റിൽനിന്ന് കൊടുങ്ങല്ലൂർ–ഷൊർണൂർ സംസ്ഥാനപാതയിലേക്കുള്ള ദൂരക്കുറവും ഗേറ്റിന് സമീപത്തെ കൊടുംവളവും പരിഗണിച്ച് ഗ്രീൻഫീൽഡ് അലൈൻമെന്റിലാണ് മേൽപ്പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഓട്ടുപാറ ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന അപ്രോച്ച് റോഡ് മാരാത്തുകുന്ന് റേഷൻകട പരിസരത്ത് അവസാനിക്കും. വീടുകൾക്കും കെട്ടിടങ്ങൾക്കും പരമാവധി കുറവ് ആഘാതമുണ്ടാകുന്ന തരത്തിലാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

മേൽപ്പാലവും അപ്രോച്ച് റോഡും ഉൾപ്പെടെ ആകെ 730 മീറ്ററാണ് നീളം. ഇരുവശത്തേക്കുമുള്ള ഗതാഗതത്തിനായി 7.50 മീറ്റർ വീതിയുള്ള റോഡും ഒരുവശത്ത് 1.50 മീറ്റർ വീതിയുള്ള ഫുട്പാത്തും ഉണ്ടാകും. നിലവിലെ റെയിൽവേ ഗേറ്റിന്റെ സ്ഥാനത്ത് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി ട്രാക്ക് മുറിച്ചുകടക്കാൻ ഫുട് ഓവർ ബ്രിഡ്ജും നിർമിക്കും. മേൽപ്പാലം ഗതാഗതത്തിന് തുറന്നശേഷമായിരിക്കും ഫുട് ഓവർ ബ്രിഡ്ജിന്റെ നിർമാണം ആരംഭിക്കുക.

നിർദിഷ്ട വടക്കാഞ്ചേരി ബൈപ്പാസ് റോഡ് മേൽപ്പാലത്തിന് അടിയിലൂടെ കടന്നുപോകുന്ന തരത്തിലാണ് GAD തയ്യാറാക്കിയിരിക്കുന്നത്. ഭാവിയിലെ ബൈപ്പാസ് വികസനത്തിനും റെയിൽവേയുടെ മൂന്നും നാലും ട്രാക്കുകളുടെ നിർമാണത്തിനും തടസ്സമുണ്ടാകാത്ത രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഭൂമി ഏറ്റെടുക്കലിനും മേൽപ്പാലം നിർമാണത്തിനുമായി ഏകദേശം 40 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ-റെയിൽ) ആണ് പദ്ധതി നടപ്പാക്കുന്നത്.

ഭൂമി ഏറ്റെടുക്കലിന് റെയിൽവേ തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. കണ്ടിജൻസി ചാർജുകൾ ഉൾപ്പെടെയുള്ള റവന്യൂ ഉത്തരവുകൾക്കും സോഷ്യൽ ഇംപാക്ട് അസസ്മെന്റ് യൂണിറ്റിനെ ചുമതലപ്പെടുത്തുന്നതിനുമായി സംസ്ഥാന സർക്കാരിനെ സമീപിക്കും. ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നതിനനുസരിച്ച് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി റെയിൽവേയ്ക്ക് സമർപ്പിക്കും. സ്ഥലമെടുപ്പ് നടപടികളുടെ പുരോഗതി കൂടി പരിഗണിച്ചായിരിക്കും റെയിൽവേയുടെ അന്തിമ സാമ്പത്തിക അനുമതി.

ഭൂമി ഏറ്റെടുക്കൽ നടപടികളിൽ സാമൂഹ്യാഘാത പഠനം, ഹിയറിങ്, പുനരധിവാസ–നഷ്ടപരിഹാര പാക്കേജുകൾ, വിവിധ ഘട്ടങ്ങളിലുള്ള വിജ്ഞാപനങ്ങൾ എന്നിവ പൂർത്തിയാക്കേണ്ടതിനാൽ നടപടികൾ സമയമെടുക്കുന്നതാണ്. കെ-റെയിൽ, റവന്യൂ വകുപ്പ് എന്നിവയുമായി ഏകോപിപ്പിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് എംഎൽഎ അറിയിച്ചു.

Leave a Reply