You are currently viewing ചാലക്കുടിയുടെ റെയിൽവേ വികസനത്തിന് കേന്ദ്രത്തിന്റെ ഇടപെടൽ തേടി ബെന്നി ബഹനാൻ

ചാലക്കുടിയുടെ റെയിൽവേ വികസനത്തിന് കേന്ദ്രത്തിന്റെ ഇടപെടൽ തേടി ബെന്നി ബഹനാൻ

ന്യൂഡൽഹി: ചാലക്കുടി മണ്ഡലത്തിലെ പ്രധാന റെയിൽവേ വികസന പദ്ധതികളും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ആവശ്യങ്ങളും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് ഉന്നയിച്ചതായി ചാലക്കുടി എംപി ബെന്നി ബഹനാൻ അറിയിച്ചു. ഇക്കാര്യങ്ങൾ വിശദീകരിച്ചുള്ള നിവേദനവും മന്ത്രിക്ക് കൈമാറിയതായി അദ്ദേഹം സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നിർമ്മാണം പുരോഗമിക്കുന്ന നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കണമെന്നും, വന്ദേ ഭാരത് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾക്ക് അവിടെ സ്റ്റോപ്പ് അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

ആലുവ റെയിൽവേ സ്റ്റേഷന്റെ പശ്ചിമ പ്രവേശന കവാടം, പാർക്കിംഗ് സൗകര്യം, എസ്കലേറ്റർ, ലിഫ്റ്റ് എന്നിവയുടെ നിർമ്മാണം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിലൂടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനാകുമെന്ന് എംപി ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ യാത്രാദുരിതം കുറയ്ക്കുന്നതിനായി അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ധൻബാദ് എക്സ്പ്രസിനും ഏറനാട് എക്സ്പ്രസിനും പുതിയ സ്റ്റോപ്പ് അനുവദിക്കണമെന്നും, ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ പാലരുവി എക്സ്പ്രസിനും നേത്രാവതി എക്സ്പ്രസിനും സ്റ്റോപ്പ് അനുവദിക്കണമെന്നും അദ്ദേഹം റെയിൽവേ മന്ത്രിയോട് അഭ്യർത്ഥിച്ചു.

ചാലക്കുടി മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി തുടർന്നും ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് ബെന്നി ബഹനാൻ എംപി വ്യക്തമാക്കി. കേന്ദ്ര റെയിൽവേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മണ്ഡലത്തിന്റെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അനുകൂലമായി പരിഗണിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

Leave a Reply